മലയാറ്റൂര്‍ നീലേശ്വരം പഞ്ചായത്ത് അംഗങ്ങൾ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുന്നു
കൊച്ചി: മലയാറ്റൂര്‍ നീലേശ്വരം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിലം നികത്തി ആര്‍എസ്എസ് ശാഖ തുടങ്ങാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം തുടരുന്നു. മധുരമ ജംഗ്ഷന് സമീപമാണ് നിലം നികത്തി ആര്‍എസ്എസിന്‍റെ ശാഖ ആരംഭിക്കാനുള്ള നീക്കവുമായി തിങ്കളാഴ്ച രാത്രിയില്‍ ഒരു വിഭാഗം ശ്രമം നടത്തിയത്.
രാത്രിയില്‍ മണ്ണുമാന്തി യന്ത്രവുമായി എത്തിയവരെ ഓടിക്കൂടിയ ജനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സ്ഥലത്തെത്തിയ പൊലിസ് രംഗം ശാന്തമാക്കി ജനങ്ങള്‍ പിരിഞ്ഞു പോയെങ്കിലും ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ ശ്രമം തുടര്‍ന്നതോടെ പഞ്ചായത്ത് ഭരണ സമിതിയും വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും ഒന്നാകെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം സംഘര്‍ഷം ഉണ്ടാവുകയും ഇത് ചൊവ്വാഴ്ച വരെ തുടരുകയും ചെയ്തിരുന്നു. വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാനായി ആവശ്യപ്പെട്ടെങ്കിലും പൊലിസിന്‍റെ അകമ്പടിയോടെ സ്ഥലത്ത് ആര്‍എസ്എസ് പരിപാടികള്‍ നടത്തിയ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ ഇടത്-വലത് ജനപ്രതിനിധികളും ജില്ല, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും കാലടി സ്റ്റേഷനില്‍ പ്രതിഷേധം തുടരുകയാണ്.
Tags : RSS Malayattoor Land Panchayat Clash