കണ്ണൂർ: എഴുത്തുകാരനും വാഗ്മിയുമായിരുന്ന ഡോ. സുകുമാർ അഴീക്കോട് കേരളത്തിന്റെ ഗാന്ധിയാണെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. കണ്ണൂർ ചേംബർ ഹാളിൽ നടന്ന സുകുമാർ അഴീക്കോട് ദേശീയ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേധ പട്കർ.
ഭരണഘടനാ പരമായ മൂല്യങ്ങളും സാമൂഹിക നീതിയും അട്ടിമറിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ വീണ്ടെടുക്കേണ്ടത് അനുവാര്യമാണെന്നും മേധ പട്കർ പറഞ്ഞു. ഡോ. സുകുമാർ അഴീക്കോട് ട്രസ്റ്റ് സെക്രട്ടറി ഡോ. പോൾ മണലിൽ അധ്യക്ഷത വഹിച്ചു.
ഡോ. സുകുമാർ അഴീക്കോട് ദേശീയ പുരസ്കാരങ്ങൾ എഴുത്തുകാരൻ എം. മുകുന്ദൻ മേധാ പട്കർ, തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ എന്നിവർക്ക് സമ്മാനിച്ചു.
ഡോ.സുകുമാർ അഴീക്കോട് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ സിപിഎമ്മിന് ഈ ഗതി വരില്ലായിരുന്നുവെന്നു എം. മുകുന്ദൻ പറഞ്ഞു. അദ്ദേഹം നേരായ വഴിയിലൂടെ നീങ്ങാനുള്ള നിർദേശം പാർട്ടിക്കു നൽകുമായിരുന്നു. നീതിക്കു വേണ്ടി ശബ്ദമുയർത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖം ഓർക്കുന്നത് ഉചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകത്തിലൂടെയാണ് സുകുമാർ അഴീക്കോടിനെ അറിഞ്ഞതെന്നു പെരുമാൾ മുരുകൻ പറഞ്ഞു. സുകുമാർ അഴീക്കോടിന്റെ പുസ്തകങ്ങൾ തമിഴിലേക്കു പരിഭാഷപ്പെടുത്താൻ ട്രസ്റ്റ് തയാറാകണമെന്നും പെരുമാൾ മുരുകൻ ആവശ്യപ്പെട്ടു. സുകുമാർ അഴിക്കോട് ജന്മശതാബ്ദിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
സമാപന സമ്മേളനത്തിൽ കല്പറ്റ നാരായണൻ, ഡോ. തോമസ് കുരുവിള, ഡോ. എ.കെ. നമ്പ്യാർ, ഡോ. ടി.പി.വി. സുരേന്ദ്രൻ, എം.ടി. മനോജ്, എം. പ്രകാശൻ, വി. സുമേധൻ, സുരേഷ് ബാബു എളയാവുർ, എം.സി. ശ്രീജ എന്നിവർ പങ്കെടുത്തു.
Tags : Medha Patkar Dr. Sukumar Azhikode Kerala's Gandhi