കൊച്ചി: ഫണ്ട് തിരിമറി നടത്തിയ കേസില്‍ യുണൈറ്റ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) മുന്‍ പ്രസിഡന്റ് ജാസ്മിന് ഷാ, ഭാര്യ, സഹഭാരവാഹികള്‍ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു.
ജാസ്മിന് ഷാ, ഭാര്യ എം.എ. ഷബാന, സംഘടന ഭാരവാഹികളായിരുന്ന ഷോബി ജോസഫ്, നിഥിന് മോഹന്‍, പി.ഡി. ജിത്തു, എ.കെ. സുജനപാല്‍, ബിബിന്‍ എം. പോള്‍, എം.വി. സുദീപ് എന്നിവരെ പ്രതി ചേര്‍ത്താണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അംഗത്വ ഫീസുള്‍പ്പെടെ സംഘടനയ്ക്ക് ലഭിച്ച വരുമാനം വ്യക്തപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചെന്ന കേസിലാണ് നടപടി.
2017 - 19 കാലത്താണ് ഫണ്ടുകള്‍ തിരിമറി നടത്തിയത്. മിനിറ്റ്സ് തിരിമറി നടത്തുകയും ഫണ്ടില്‍ നിന്നും തട്ടിയെടുത്ത പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്തു. അംഗങ്ങള്‍ നല്കിയ പരാതിയില്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഇഡിയും കേസെടുത്തത്.
വിചാരണനടപടികള്‍ വൈകാതെ ആരംഭിക്കുമെന്ന് ഇഡി അധികൃതര്‍ പറഞ്ഞു. ഇവരുടെ പേരിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
Tags : ED chargesheet Jasmine Shah UNA