കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ മധ്യകേരളത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പി.സി.ജോർജിലൂടെയും മകൻ ഷോൺ ജോർജിലൂടെയും മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് തകിടം മറിഞ്ഞത്.
പൂഞ്ഞാറിലും പാലായിലും നിലവിൽ യുഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുകയാണ്. പി.സി.ജോർജും ഷോൺ ജോർജും മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മുന്നണികളെയും വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പാരമ്പര്യമുള്ള ഇവരുടെ വീഴ്ച ദയനീയമാണ്.
പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാന്‍ തയാറാണെന്നും പി.സി.ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോസ് കെ. മാണി പാലായിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഷോൺ ജോർജ് പറഞ്ഞിരുന്നു.
എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമാകുമെന്നും ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.ടി20യുമായുള്ള സംഖ്യത്തിലൂടെ എറണാകുളത്ത് നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയും ഏകദേശം അസ്തമിച്ചു.
Tags : results election results kottayam