കെ.സുധാകരന് എംപി
തിരുവനന്തപുരം: മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് എത്താനിരിക്കെ കെ.സുധാകരനുമായി ബന്ധപ്പെടാനാകാതെ കോൺഗ്രസ് നേതൃത്വം. ചികിത്സയ്ക്കായി കുടുംബസമേതം 26ന് രാത്രിയാണ് സുധാകരൻ അബുദാബിയിലേക്ക് തിരിച്ചത്. രണ്ടുദിവസം അബുദാബിയിൽ തങ്ങിയശേഷം അമേരിക്കയിലേക്ക് പോകുമെന്നാണ് കുടുംബം നൽകുന്ന സൂചന.
എന്നാൽ പാർലമെന്റിൽ നിർണായക നീക്കങ്ങൾ നടക്കാനിരിക്കെ സുധാകരനെ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി നേതൃത്വം. സുധാകരനുമായി ബന്ധപ്പെടാൻ നേതാക്കൾ പലവട്ടം ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം. അദ്ദേഹവുമായി അടുപ്പമുള്ളവരെയും നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം തന്റെ അറിവോടെയാണ് സുധാകരൻ വിദേശത്തേക്ക് പോയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.
ബിൽ പാസാക്കാൻ 360 പേരുടെ പിന്തുണയാണ് വേണ്ടതെന്നാണ് പുറത്തുവരുന്ന കണക്കുകൾ. എൻഡിഎയുടെ 322 സീറ്റുകൾക്കുപുറമേ എൻസിപി (എസ്പി), ഡിഎംകെ, ജെഎംഎം, വൈഎസ്ആർസിപി തുടങ്ങിയ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചാൽ കേന്ദ്രത്തിന് 359 പേരുടെ പിന്തുണ ഉറപ്പിക്കാനാകുമെന്നാണ് കണക്ക്. എന്നിട്ടും ഒരു വോട്ടിന്റെ കുറവ്.
ഈ സാഹചര്യത്തിലാണ് സുധാകരന്റെ അസാന്നിധ്യം രാഷ്ട്രീയമായി ശ്രദ്ധ നേടുന്നത്.തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാനിരിക്കെ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും സുധാകരനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ലെന്നാണ് വിവരം.
Tags : IndianPolitics CongressLeadership DelimitationBill LokSabha AbuDhabi