പ്രതീകാത്മക ചിത്രം
കോട്ടയം: ഒരു രാഷ്ട്രീയ പാർട്ടിയുടെ ശക്തി അധികാരത്തിലോ തെരഞ്ഞെടുപ്പ് വിജയങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല. ആ പാർട്ടിക്കൊപ്പം നിൽക്കുന്ന നേതാക്കളിലും പ്രവർത്തകരിലും ജനങ്ങളിലുമുള്ള വിശ്വാസമാണ് യഥാർഥ കരുത്ത്. എന്നാൽ ബിജെപിയിൽനിന്ന് അടുത്തകാലത്തായി പ്രമുഖരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത് പാർട്ടിയുടെ സംഘടനാ സംവിധാനത്തെയും നേതൃത്വത്തിന്റെ പ്രവർത്തനശൈലിയെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. ദേവൻ, ഭീമൻ രഘു, സന്ദീപ് വാര്യർ, പത്മജ വേണുഗോപാൽ, പത്മിനി തോമസ് തുടങ്ങിയവർ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത് കേവലം വ്യക്തികളുടെ രാഷ്ട്രീയ തീരുമാനങ്ങളായി മാത്രം കാണാനാകില്ല. വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളിൽനിന്നും പൊതുരംഗങ്ങളിൽനിന്നും എത്തിയ ഇവരുടെ പാർട്ടിവിടൽ ഗൗരവമായി കാണേണ്ട വിഷമയാണ്.
തന്ത്രങ്ങൾക്ക് തിരിച്ചടിയോ
കേരളത്തിൽ ബിജെപി പലപ്പോഴും മറ്റ് പാർട്ടികളിൽനിന്നുള്ള പ്രമുഖരെയും സിനിമാ-സാംസ്കാരിക രംഗത്തെ വ്യക്തികളെയും ഒപ്പം ചേർത്ത് രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രമുഖരുടെ പാർട്ടി പ്രവേശനങ്ങൾ വലിയ ആഘോഷമാക്കുകയും അവരുടെ വരവ് രാഷ്ട്രീയ നേട്ടമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അത്തരത്തിൽ എത്തുന്നവരെ ദീർഘകാലം സംഘടനയുടെ ഭാഗമാക്കി നിലനിർത്താൻ കഴിയുന്നുണ്ടോ എന്നതാണ് ഇപ്പോൾ പ്രസക്തമായ ചോദ്യം. സിനിമാതാരങ്ങളായ ദേവനും ഭീമൻ രഘുവും ബിജെപിയുമായി ബന്ധം അവസാനിപ്പിച്ചതും മുതിർന്ന നേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയതും ഈ ചർച്ചയ്ക്ക് ആക്കം കൂട്ടിയ സംഭവങ്ങളാണ്.
അതിനുപിന്നാലെ പത്മജ വേണുഗോപാലിന്റെയും പത്മിനി തോമസിന്റെയും രാജികൾ പാർട്ടിക്ക് വീണ്ടും രാഷ്ട്രീയ പ്രതിരോധം തീർക്കേണ്ട സാഹചര്യമുണ്ടാക്കി. പ്രത്യേകിച്ച് പത്മജയുടെ രാജി ബിജെപിക്ക് രാഷ്ട്രീയമായും പ്രതിച്ഛായാപരമായും തിരിച്ചടിയാണ്. കെ.കരുണാകരന്റെ മകൾ എന്ന നിലയിൽ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് 2024ൽ ബിജെപി അവരെ പാർട്ടിയിലെത്തിച്ചത്. എന്നാൽ ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും പാർട്ടിയുടെ ആശയപരമായ അന്തരീക്ഷത്തിൽ തനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നും അവർ പിന്നീട് തുറന്നുപറഞ്ഞു.
പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുള്ള ആഗ്രഹവും രാജിക്ക് പിന്നിലുണ്ടെന്ന് വ്യക്തമാക്കി. പത്മിനി തോമസിന്റെ പ്രതികരണവും ബിജെപിക്ക് അത്ര ആശ്വാസം നൽകുന്നതല്ല. കായികരംഗത്തും രാഷ്ട്രീയത്തിലും കാര്യമായ സംഭാവന നൽകാമെന്ന പ്രതീക്ഷയോടെയാണ് പാർട്ടിയിലെത്തിയതെന്നും എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും അതിനുള്ള അവസരം ലഭിച്ചില്ലെന്നുമാണ് അവരുടെ ആരോപണം. നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന പരാതിയും അവർ ഉന്നയിച്ചു.
ബിജെപിയിൽ എന്താണ് സംഭവിക്കുന്നത്
ഒരു നേതാവ് പാർട്ടി വിടുമ്പോൾ അതിനെ വ്യക്തിപരമായ താത്പര്യങ്ങളുടെ പ്രശ്നമായി ചിത്രീകരിച്ച് തള്ളിക്കളയാൻ കഴിഞ്ഞേക്കാം. എന്നാൽ തുടർച്ചയായി പ്രമുഖർ പുറത്തുപോകുമ്പോൾ അത്തരം വിശദീകരണങ്ങൾക്കപ്പുറത്തേക്ക് രാഷ്ട്രീയ ചർച്ചകൾ നീളും. എന്തുകൊണ്ടാണ് പാർട്ടിയിലെത്തിയവർക്ക് ഇവിടെ തുടരാൻ കഴിയാത്തത്? പുതിയതായി എത്തുന്നവർക്ക് അർഹമായ പരിഗണന ലഭിക്കുന്നുണ്ടോ? പാർട്ടിയുടെ തീരുമാനങ്ങൾ ഏതാനും നേതാക്കളിൽ കേന്ദ്രീകരിക്കപ്പെടുന്നുണ്ടോ? പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾക്ക് സംഘടനയിൽ എത്രത്തോളം വിലയുണ്ട് എന്നീ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.
പ്രമുഖരെ പാർട്ടിയിലെത്തിക്കുക എന്നത് മാത്രമല്ല രാഷ്ട്രീയ സംഘടനയുടെ ഉത്തരവാദിത്തം. അവരുടെ രാഷ്ട്രീയ പശ്ചാത്തലവും അനുഭവസമ്പത്തും കഴിവുകളും പ്രയോജനപ്പെടുത്തുന്ന തരത്തിൽ ഉത്തരവാദിത്തങ്ങൾ നൽകുകയും സംഘടനയ്ക്കുള്ളിൽ അവർക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുകയും വേണം. അല്ലാത്തപക്ഷം പുതിയതായി എത്തുന്നവർക്ക് പാർട്ടി ഒരു രാഷ്ട്രീയ അഭയകേന്ദ്രമെന്നതിലുപരി താത്കാലിക ഇടത്താവളമായി മാറും.
കൊഴിഞ്ഞുപോക്ക് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമോ
കേരളത്തിൽ വേരുറപ്പിക്കാനും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനും ബിജെപി നിരന്തരം ശ്രമിച്ചുവരികയാണ്. ഇതിനായി വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നും സാമൂഹിക മേഖലകളിൽനിന്നും പ്രമുഖരെ ഒപ്പം ചേർക്കുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. എന്നാൽ പുറത്തുനിന്നെത്തുന്നവരെ ചേർത്തുനിർത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ അത് പാർട്ടിയുടെ വളർച്ചയെ തന്നെ ബാധിച്ചേക്കാം. പുതിയ നേതാക്കളെ സ്വീകരിക്കുമ്പോൾ പഴയ പ്രവർത്തകരുടെ അതൃപ്തിയും പരിഗണിക്കേണ്ട വിഷയമാണ്.
വർഷങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരെ മറികടന്ന് പുറത്തുനിന്നെത്തുന്നവർക്ക് പ്രാധാന്യം നൽകുന്നുവെന്ന വികാരം പ്രവർത്തകർക്കിടയിൽ രൂപപ്പെട്ടാൽ സംഘടനയ്ക്കുള്ളിൽ അസ്വസ്ഥതകൾ വർധിക്കും. അതേസമയം പുതുതായി എത്തുന്നവർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. ഈ രണ്ട് വിഭാഗങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നേതൃത്വത്തിന് വലിയ ഉത്തരവാദിത്തമുണ്ട്.
ഇനിയും അസംതൃപ്തരുണ്ടോ
നിരവധി പ്രമുഖർ ഈ അടുത്ത കാലത്തായി ബിജെപിയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും അവരെല്ലാം അസംതൃപ്തരാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇതിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്നത് മധ്യകേരളത്തിൽ നിന്നുള്ള ഒരു പ്രമുഖനേതാവാണ്. മുൻ സർക്കാരുകളിൽ ഉയർന്ന സ്ഥാനം വഹിച്ചിട്ടുള്ള ആ നേതാവ് ബിജെപിയിൽ ചേർന്നെങ്കിലും അദ്ദേഹത്തിന് കാര്യമായ സ്ഥാനമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. മറ്റ് വഴികൾ ഒന്നും ഇല്ലാത്തതിനാൽ അദ്ദേഹം കടിച്ചുപിടിച്ചു നിൽക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
അതുപോലെ തന്നെ ബിജെപിയിൽ പ്രവർത്തിക്കുന്ന ചില മുൻ ഐപിഎസുകാരും തങ്ങളുടെ അസംതൃപ്തി പരസ്യമാക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ പേരാണ് മുൻ ഡിജിപി ആർ. ശ്രീലേഖയുടേത്. തിരുവനന്തപുരം കോർപറേഷൻ മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തന്നെ തെരഞ്ഞെടുപ്പ് രംഗത്തിറക്കിയതെന്ന നിലപാടാണ് ശ്രീലേഖ പരസ്യമായി ഉന്നയിച്ചത്. എന്നാൽ പിന്നീട് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയും അവർ തുറന്നുപറഞ്ഞു. കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ വരെ അവർ തയാറായതോടെ വിഷയം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായി. തുടർന്ന് പാർട്ടി നേതൃത്വം സമയോചിതമായി ഇടപെട്ടതോടെ അവർ രാജി പിൻവലിക്കുകയായിരുന്നു.
Tags : Resignation BJP BJPResignations BJPLeaders PoliticalNews KeralaPolitics