തിരുവനന്തപുരം: കോർപറേഷനിൽ യുഡിഎഫിന്റെ വൈഷ്ണ സുരേഷിന് മിന്നുംവിജയം. 363 വോട്ടിനാണ് വൈഷ്ണയുടെ വിജയം. ഇടതുകോട്ടയായ മുട്ടടയിൽ എൽഡിഎഫിന് വൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ചർച്ചയായതാണ് മുട്ടടയിലെ വൈഷ്ണ സുരേഷിന്റെ പേര്. വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെ തുടർന്നായിരുന്നു വിവാദങ്ങൾക്ക് തുടക്കം.
തുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചു. വൈഷ്ണ ആ വിലാസത്തിലെ താമസക്കാരിയല്ലെന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതി നൽകുന്നത്. എന്നാൽ ഇതിനൊപ്പം ഒരു രേഖയും സമർപ്പിച്ചിരുന്നില്ല.
ഹിയറിംഗിന് വിളിച്ചപ്പോൾ പരാതിക്കാരൻ ഹാജരാവുകയോ പരാതിക്കടിസ്ഥാനമായ തെളിവുകൾ നൽകുകയോ ചെയ്തില്ല. തന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലെല്ലാം ഒരേ വിലാസമാണെന്നും ഇക്കാര്യങ്ങളെല്ലാം സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽനിന്ന് പേരു നീക്കം ചെയ്തെന്നും വൈഷ്ണ പറഞ്ഞു.
എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽനിന്നു പേര് നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് കോടതി ആരാഞ്ഞു. 24 വയസുള്ള ഒരു പെൺകുട്ടി മത്സരിക്കാനിറങ്ങുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയമൊക്കെ വേണോ എന്ന് കോടതി വാക്കാൽ ചോദിച്ചു. പേര് നീക്കം ചെയ്തതിനെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്ന തിരുവനന്തപുരം കോർപറേഷന് ഇതിൽ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു.
Tags : local body election updation vyshna suresh ldf udf muttada ward