എൽപിഎസ്ടി സമരത്തിൽ നിന്ന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാണ് സമരക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച നടന്നത്.
അതേസമയം, സമരക്കാരുമായി ചർച്ചകൾ നടന്നുവെന്നും സർക്കാരിന് അനുഭാവമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സമരക്കാരുമായി ചർച്ച തുടരും. നേരത്തെ അംഗീകരിച്ച കാര്യങ്ങളിൽ ഉത്തരവിറക്കും. അനുപാതം കുറയ്ക്കുന്നതിൽ പ്രശ്നമുണ്ട്. സാമ്പത്തിക എതിർപ്പ് രേഖപ്പെടുത്തിയ കാര്യം അറിയില്ലെന്നും സാമ്പത്തിക ബാധ്യത പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
സമരക്കാരുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കാമെന്ന് സർക്കാർ നേരത്തേ ഉറപ്പുനൽകിയിരുന്നു. എന്നാൽ വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമാകാത്തതോടെയാണ് സമരം ശക്തമായത്. ഡിവിഷൻ ഫാൾ മൂലം അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സർക്കാർ എൽപി സ്കൂളുകളിൽ വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആയി കുറയ്ക്കുന്നതാണ് പ്രധാന പരിഗണന.
ഡിവിഷൻ ഫാൾ സംഭവിച്ച സ്കൂളുകളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനൊപ്പം നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് കൂടുതൽ നിയമനങ്ങൾ നടത്താനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്.
Tags : LPST Protest ChiefMinister Ministers