കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്ന് ഉച്ചയോടെ പൂഴനാട് സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതാണ് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്.
യുവതി ഗർഭിണിയാണെന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. വീട്ടിൽ വെച്ച് പ്രസവം നടന്നതും കുഞ്ഞ് മരിച്ചതും അപ്രതീക്ഷിതമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മരിച്ച കുഞ്ഞിന്റെ ശരീരത്തിൽ വിവിധയിടങ്ങളിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകൾ എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മരണത്തിൽ ദുരൂഹത ഉയർന്നതിനെത്തുടർന്ന് കുഞ്ഞിന്റെ മൃതദേഹം കാട്ടാക്കടയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കാട്ടാക്കട പോലീസ് കേസെടുത്തു. യുവതിയെയും ബന്ധുക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Tags : Infant Kattakada Latest News