പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വർക്കലയിൽ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന പ്രതി പിടിയിൽ. ഓടയംപറമ്പിൽ ഷഹാദ് (28) ആണ് അയിരൂർ പൊലിസിന്‍റെ പിടിയിലായത്. വർക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ഏറെ നാളുകളായി വർക്കലയിൽ താമസിച്ചുവരുന്ന വിദേശവനിത പുലർച്ചെ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിച്ച് സ്‌കൂട്ടറിൽ താമസസ്ഥലത്തേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടയിലാണ് ഷഹാദ് ഇവരെ പിടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചത്.
ഉടൻതന്നെ ഓടിമാറിയ ഇവർ സമീപത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളുടെ സഹായം തേടുകയായിരുന്നു. എന്നാൽ പ്രതി സഞ്ചാരികൾക്കു നേരെയും ആക്രോശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ ആളുകൾ സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും ഇയാൾ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിനിടയിൽ പ്രതി തന്നെ അസഭ്യം പറയുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതായി വനിത വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവർ പ്രതിയുടെ ദൃശ്യങ്ങൾ പകർത്തി പൊലിസിന് കൈമാറിയിരുന്നു.
Tags : SexualAssault Varkala Arrested Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash