അരിയിൽ ഷുക്കൂർ...ഫോട്ടോ... Cap അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി കേൾക്കാനായി എറണാകുളം സിബി ഐ കോടതിയിൽ എത്തിയ പി. ജയരാജൻ, എ.എൻ. ഷംസീർ, ടി.വി. രാജേഷ് എന്നിവർ
കണ്ണൂർ: പാർട്ടി കോടതി വിചാരണ നടത്തി നടപ്പാക്കിയ വധശിക്ഷയെന്ന പേരിൽ ദേശീയശ്രദ്ധയാകർഷിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകനായ തളിപ്പറന്പ് അരിയിൽ അബ്ദുൾ ഷുക്കൂറിന്റേത്.
2012 ഫെബ്രുവരി 20 ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണു കണ്ണപുരം കീഴറ വള്ളുവൻകടവിൽ ഇരുപത്തിയൊന്നുകാരനായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറന്പ് അരിയിൽ ആക്രമിക്കപ്പെട്ട് ഏതാനും മണിക്കൂറിനുള്ളിലായിരുന്നു കൊലപാതകം.
മാത്രമല്ല, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടി സ്വയമേറ്റെടുക്കുന്നത് ആദ്യമായിട്ടെന്നായിരുന്നു പൊലിസ് റിപ്പോർട്ട്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനം ആക്രമിച്ചതിനെ തുടർന്നുള്ള സ്വാഭാവിക പ്രതികരണമാണു ഷുക്കൂറിന്റെ കൊലപാതകമെന്ന് സിപിഎം നേതൃത്വം പരസ്യമായി പറഞ്ഞു. അതുവരെ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നാൽ, പിന്നിൽ ആരെന്ന് പകൽപോലെ വ്യക്തമാണെങ്കിലും പങ്കില്ലെന്ന് രാഷ്ട്രീയഭേദമെന്യേ നേതാക്കൾ ആണയിട്ടുപറഞ്ഞിരുന്ന കാലത്താണ് ഇത്തരമൊരു വേറിട്ട സ്വരമുണ്ടായത്.
അരിയിലിൽനിന്നു മൂന്നു കിലോമീറ്ററോളം അകലെ കണ്ണപുരം കീഴറ വള്ളുവൻകടവിലാണു ഷുക്കൂർ കൊല്ലപ്പെട്ടത്. നേതാക്കളുടെ വാഹനം ആക്രമിച്ച സംഘത്തിൽപ്പെട്ടവരെന്ന നിലയിലാണു ഷുക്കൂർ അടക്കമുള്ള അഞ്ചംഗ സംഘത്തെ പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ സിപിഎം പ്രവർത്തകർ പിടികൂടിയത്. എന്നാൽ ഈ അഞ്ചുപേരും കല്ലേറ് സംഭവത്തിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് പിന്നീട് പൊലിസ് കണ്ടെത്തി.
അരിയിലിനു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഒരാളുമായി ചെറുകുന്നിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു ഷുക്കൂർ ഉൾപ്പെടെയുള്ളവർ. കടത്തുകടന്ന് ഇവർ പോകുന്നതു കണ്ട സിപിഎമ്മിന്റെ ഒരു സജീവ പ്രവർത്തകൻ ബന്ധപ്പെട്ടവർക്കു വിവരം നൽകുകയായിരുന്നുവത്രെ. ഇതു മൊബൈൽ ഫോണുകളിലൂടെ പല ഭാഗങ്ങളിലേക്കും പ്രചരിച്ചു. തുടർന്നു പ്രവർത്തകർ ഒത്തുകൂടി ഇവരെ പിന്തുടർന്നു.
അക്രമികളെ കണ്ട് പരിചയക്കാരനായ മുഹമ്മദ്കുഞ്ഞി എന്നയാളുടെ വീട്ടിൽ അഞ്ചുപേരും അഭയംതേടി. ഇതേതുടർന്ന് ആക്രമികൾ വീടുവളഞ്ഞു. വീടിനകത്ത് കയറി ഷുക്കൂറിനെയും മറ്റും ചോദ്യം ചെയ്തു. ഇതിനിടെ മൊബൈൽ കാമറയിൽ ഇവരുടെ ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ പലരുടെയും മൊബൈലുകളിലേക്ക് എംഎംഎസ് ചെയ്തു. മൊബൈലിലെ ചിത്രങ്ങൾ തളിപ്പറന്പിലേക്കു വാഹനത്തിൽ കൊണ്ടുപോയി ചിലരെ കാണിച്ചതായും പറയുന്നു.
ചിത്രങ്ങളിൽനിന്ന് ഷുക്കൂറും സക്കറിയ എന്നയാളും വാഹനം ആക്രമിച്ച സംഘത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്രെ. ഇതോടെ സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും വിട്ടയച്ചു. ഷുക്കൂറിനെയും സക്കറിയെയും ആക്രമിക്കില്ലെന്ന് വീട്ടുടമ മുഹമ്മദ്കുഞ്ഞിക്കു ഉറപ്പുനൽകിയശേഷം പുറത്തേക്കു ബലമായി കൊണ്ടുപോയി. തങ്ങൾ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നും ഇവർ കേണപേക്ഷിച്ചെങ്കിലും അക്രമികൾ ദയ കാട്ടിയില്ല.
വീടിനു സമീപത്തെ വയലിലൂടെ 200 മീറ്ററോളം ഇവരെ കൊണ്ടുപോയശേഷം സക്കറിയയെ മർദിക്കാൻ തുടങ്ങി. തങ്ങളെ കൊലപ്പെടുത്തുകയാണു ലക്ഷ്യമെന്ന് ഇതിനകം വ്യക്തമായ ഷുക്കൂർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അക്രമിസംഘം പിന്തുടർന്ന് ഒട്ടേറെപേർ നോക്കിനിൽക്കേ വെട്ടിവീഴ്ത്തുകയുമായിരുന്നുവെന്നാണ് പൊലിസ് റിപ്പോർട്ട്.
ഒന്നരമണിക്കൂറോളം അക്രമിസംഘം സ്ഥലത്തുണ്ടായിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളടക്കം എത്തിയിരുന്നു. ബഹളംകേട്ട് അന്പതിലേറെ പരിസരവാസികളുമെത്തി. ഇവരിൽ രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. എന്നാൽ വീട്ടുടമയായ മുഹമ്മദ് കുഞ്ഞിയല്ലാതെ മറ്റാരും ക്രമികളെ തടയാൻ ശ്രമിച്ചില്ല. മുഹമ്മദ് കുഞ്ഞി മകനെ അക്രമസംഭവം പൊലിസിനെ അറിയിക്കാൻ തൊട്ടടുത്ത കടയിലേക്കു തന്ത്രപൂർവം പറഞ്ഞുവിടാൻ ശ്രമിച്ചെങ്കിലും അക്രമികൾ തടയുകയായിരുന്നു.
Tags : AriyilShukkoor MurderCase CPIM Court Trial Verdict