കൊച്ചി: കൊല്ലം അയ്യരുമുക്ക് സ്വദേശി രഞ്ജിത് ജോണ്സണ് കൊലക്കേസില്‍ അഞ്ചു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയും പിഴയും ശരിവച്ച് ഹൈക്കോടതി.
അതേസമയം, ഇവര്‍ക്കു വിചാരണക്കോടതി വിധിച്ച 25 വര്‍ഷത്തെ പരോളില്ലാത്ത തടവുശിക്ഷ ഒറ്റ ജീവപര്യന്തമായി ഹൈക്കോടതി ഭേദഗതി ചെയ്തു. കേസിലെ മറ്റു രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയയച്ചു.
ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ തഴുതല പുതിയവീട്ടില്‍ മനോജ് (പാമ്പു മനോജ്), പരവൂര്‍ കച്ചേരിവിള രഞ്ജിത് (കാട്ടുണ്ണി), പൂതക്കുളം പാണാട്ടുചിറയില്‍ ബൈജു (ഉണ്ണി), വടക്കേവിഴ തോട്ടിന്‍കര പ്രണവ്, മുഖത്തല കോണത്തുകാവ് വിഷ്ണു എന്നിവരുടെ ശിക്ഷയാണു ശരിവച്ചത്.
ആറാംപ്രതി കിളികൊല്ലൂര്‍ വിനീതാമന്ദിരത്തില്‍ വിനേഷ്, ഏഴാം പ്രതി വടക്കേവിള കൊച്ചുമുണ്ടക്കല്‍ റിയാസ് എന്നിവരെ വെറുതേ വിട്ടു. കൊല്ലം അഡീ. സെഷന്‍സ് കോടതിയുടെ 2019 മേയ് 14ലെ ഉത്തരവിനെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജികളിലാണു ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
2018 ഓഗസ്റ്റ് 15നായിരുന്നു രഞ്ജിത് ജോണ്‍സന്റെ കൊലപാതകം. ഒന്നാം പ്രതി മനോജിന്റെ ഭാര്യ മക്കളെയടക്കം ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. തിരിച്ചുവരണമെന്ന് മനോജ് ആവശ്യപ്പെട്ടെങ്കിലും ഭാര്യ വിസമ്മതിച്ചു. ഇതിന്റെ പേരില്‍ മനോജും രഞ്ജിത്തുമായി പലതവണ വഴക്കുണ്ടായി. തുടര്‍ന്നാണ് മറ്റു പ്രതികളുമായി ചേര്‍ന്ന് വധഗൂഢാലോചന നടത്തിയത്.
Tags : Ranjith murder case HIgh Court Kerala High Court Renjith Johnson Murder Case