മുഖ്യമന്ത്രി വി.ഡി. സതീശൻ
കോട്ടയം: അനാവശ്യ വിവാദങ്ങൾക്കു മുമ്പിൽ തല കുനിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുറേ പ്പേർ ബഹളമുണ്ടാക്കി എന്നുവച്ച് കൂട്ടായെടുത്ത തീരുമാനങ്ങളൊന്നും നടപ്പാക്കാതിരിക്കില്ല. എടുത്ത തീരുമാനവുമായി മുന്നോട്ടുപോകും. ഇച്ഛാശക്തിയോടെ നടപ്പാക്കും. അതിനുള്ള കരുത്ത് ഈ ഗവൺമെന്റിന് ജനങ്ങൾ തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ദീപിക കേന്ദ്ര ഓഫിസ് സന്ദർശനത്തിനിടെ നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളോടു പറഞ്ഞ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ആദ്യത്തെ മന്ത്രിസഭായോഗത്തിൽതന്നെ തീരുമാനിച്ചു. ഒന്ന് സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര. രണ്ട് ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരന്മാർക്ക് ഒരു വകുപ്പുണ്ടാക്കി. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. കേരളത്തിന്റെ വലിയ മാറ്റത്തിന് സഹായകമാകുന്ന "മിഷൻ സമുദ്ര’പ്രോജക്ടിന്റെ അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം ആറു മാസത്തിനുള്ളിൽ ചെയ്തു. ഇനി അത് വളരെ നന്നായി നടക്കും.
താൻ ഒരു പൊളിറ്റിക്കൽ ഗിമ്മിക്കും കാണിക്കില്ല. ഒരു വാർത്തയ്ക്കുവേണ്ടിയോ കൈയടി കിട്ടുന്നതിനോ ഒന്നും ചെയ്യാറില്ല. തനിക്കത് ചെയ്യാൻ പറ്റില്ല. തന്നെക്കൊണ്ട് അത് സാധ്യമല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഗവൺമെന്റിന്റെ ഒരു മുദ്രാവാക്യം "ഗുഡ് ഗവേർണൻസ് വിത്ത് എംപതി’എന്നതാണ്, സഹാനുഭൂതിയോടുകൂടിയുള്ള ഭരണം. ഭിന്നശേഷിക്കാർക്കുള്ള ഒരു വലിയ പദ്ധതി പ്രഖ്യാപിക്കാൻ പോകുകയാണ് രണ്ടാം തീയതി.
ഇതുവരെ ഇന്ത്യയിൽ എങ്ങുമില്ലാത്ത പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്.
പാർശ്വവത്കരിക്കപ്പെട്ട ആളുകളെ ചേർത്തുപിടിക്കുക എന്നതാണ് സർക്കാർ നയം. കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ചേർത്തുപിടിക്കലിന്റെ, ധൈര്യംകൊടുക്കലിന്റെയെല്ലാം മനോഭാവം ഉണ്ടാകും. അതാണ് സഹാനുഭൂതി. ഇത് തനിക്ക് ക്രൈസ്തവദർശനത്തിൽനിന്നു കിട്ടിയതാണ്. മഹാത്മാഗാന്ധി അഹിംസയെക്കുറിച്ച് പറഞ്ഞത് ക്രിസ്തുവിനെ കൂടുതൽ അറിഞ്ഞപ്പോഴാണ്. അതുപോലെ എംപതി അഥവാ സഹാനുഭൂതി എന്നുള്ള വാക്ക് തനിക്ക് ക്രൈസ്തവ ദർശനത്തിൽനിന്ന് കിട്ടിയതാണെന്നു പറയാൻ യാതൊരു മടിയുമില്ല.
മന്ത്രിമാർക്കിടയിൽ ഭിന്നതയെന്നത് സൃഷ്ടിക്കപ്പെടുന്ന വാർത്തകളാണ്. എല്ലാ സ്ഥലത്തും ചർച്ചകൾ നടക്കും. സംവാദങ്ങൾ ഉണ്ടാകും. നല്ല ചർച്ചകളും നല്ല സംവാദങ്ങളും നടക്കുമ്പോഴാണ് നല്ല തീരുമാനങ്ങൾ പുറത്തുവരുന്നത്. എന്തു സംവാദം ഉണ്ടായാലും എന്തു ചർച്ച നടത്തിയാലും എന്തു പ്രശ്നം വന്നാലും റിസൽട്ടുണ്ടാകും, തീരുമാനങ്ങൾ ഉണ്ടാകും. തീരുമാനങ്ങൾ മാറ്റിവയ്ക്കില്ല. ഇച്ഛാശക്തിയോടുകൂടി നടപ്പാക്കും. തെറ്റുണ്ടെങ്കിൽ തിരുത്തും. വേണ്ടിവന്നാൽ ക്ഷമയും ചോദിക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ പ്രസ്താവനകൾ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘടനാപരമായ കാര്യങ്ങൾക്ക് താൻ മറുപടി പറയില്ല. അതൊക്കെ കെപിസിസി പ്രസിഡന്റ് പറയുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ദീപികയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ, കോ-ഓർഡിനേറ്റിംഗ് ഓഫിസർ ഫാ. ജിനോ പുന്നമറ്റത്തിൽ, ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ഫാ. രഞ്ജിത് ആലുങ്കൽ, കമ്പനി സെക്രട്ടറി സോഫിയ ജോസഫ്, മാർക്കറ്റിംഗ് ജനറൽ മാനേജർ മാത്യു കൊല്ലമലക്കരോട്ട് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മന്ത്രി മോൻസ് ജോസഫും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags : KPCC controversies unnecessary Political Gimic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash