പ്രതീകാത്മക ചിത്രം
മദ്യവും മയക്കുമരുന്നുമടക്കമുള്ള ലഹരിക്കെതിരേയുള്ള പോരാട്ടം അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും വ്യാപനം തടയലും മാത്രമല്ല, ലഹരിയുമായി പൊരുതുന്ന മനുഷ്യരെ മനസിലാക്കാനും ചികിത്സയും പുനരധിവാസവും ശക്തിപ്പെടുത്താനും ലഹരിബാധിതരെ അപമാനത്തിന്റെയും ഒറ്റപ്പെടലിന്റെയും ഇരുട്ടിൽനിന്ന് പ്രത്യാശയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനുംകൂടിയുള്ളതാണ്.
ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ വിവിധ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലും മദ്യം, പുകയില, കഞ്ചാവ്, രാസലഹരികൾ, ഒപിയോഡുകൾ, ഉറക്കഗുളികകളുടെ ദുരുപയോഗം എന്നിവ വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
കേരളത്തിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ലഹരിയെക്കുറിച്ചുള്ള ചർച്ചകൾ പ്രധാനമായും മദ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. എംഡിഎംഎ, സിന്തറ്റിക് ലഹരിവസ്തുക്കൾ, ഓൺലൈൻ വഴിയുള്ള വിതരണ ശൃംഖലകൾ, സ്കൂൾ കോളജ് പ്രായക്കാരിലെ പരീക്ഷണാത്മക ഉപയോഗം എന്നിവ പുതിയ വെല്ലുവിളികളായി ഉയരുന്നു. ലഹരി ഇനി നഗരങ്ങളുടെ മാത്രം പ്രശ്നമല്ല; ഗ്രാമങ്ങളുടെയും കുടുംബങ്ങളുടെയും പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, ലഹരിയുടെ യഥാർഥ കഥ അക്കങ്ങളിൽ അല്ല; മനുഷ്യരുടെ ജീവിതങ്ങളിലാണ്. ചികിത്സാമുറിയിൽ ഇരുന്ന് രോഗികളുടെ കഥകൾ കേൾക്കുമ്പോൾ ഒരു കാര്യം വ്യക്തമായി മനസിലാകും. ലഹരി ഉപയോഗിക്കുന്നവരിൽ പലരും ആനന്ദം തേടുന്നവരല്ല; അവർ ആശ്വാസം തേടുന്നവരാണ്. ചിലർ ഏകാന്തതയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ചിലർ വിഷാദരോഗത്തിന്റെ ഇരുട്ടിൽനിന്ന് കുറച്ചുനേരമെങ്കിലും പുറത്തുകടക്കാൻ ആഗ്രഹിക്കുന്നു. ചിലർ ഉത്കണ്ഠയിൽനിന്ന് ഇടവേള തേടുന്നു. ചിലർ ഉറങ്ങാൻ കഴിയാത്ത രാത്രികളിൽ സമാധാനം അന്വേഷിക്കുന്നു. ചിലർ ജീവിതത്തിലെ പരാജയങ്ങളിൽനിന്ന് താത്കാലികമായി ഒളിച്ചോടാൻ ശ്രമിക്കുന്നു. ദൗർഭാഗ്യവശാൽ, ആദ്യം ആശ്വാസമായി തോന്നിയ കാര്യം പിന്നീട് പുതിയൊരു തടവറയായി മാറുന്നു.
ബാല്യകാല ആഘാതങ്ങൾ, കുടുംബത്തിലെ കലഹങ്ങൾ, ബന്ധങ്ങളുടെ തകർച്ച, വിഷാദരോഗം, ഉത്കണ്ഠ, സാമൂഹിക ഒറ്റപ്പെടൽ, ആത്മാഭിമാനക്കുറവ്, തൊഴിലില്ലായ്മ, ജീവിതത്തിലെ അർഥനഷ്ടം എന്നിവ പലപ്പോഴും ലഹരിയുടെ പിന്നിൽ കാണപ്പെടുന്നു. അതുകൊണ്ടാണ് ഒരു നല്ല ചികിത്സകൻ ലഹരിയെ മാത്രം ചികിത്സിക്കാതെ, ലഹരിയുടെ പിന്നിലെ മനുഷ്യനെയും അവന്റെ കഥയെയും കേൾക്കാൻ ശ്രമിക്കുന്നത്. പലപ്പോഴും ലഹരി രോഗത്തിന്റെ കഥ തുടങ്ങുന്നത് മയക്കുമരുന്നിൽ നിന്നല്ല; ഒരു മുറിവിൽനിന്നാണ്.
ഈ രോഗത്തിന്റെ ഏറ്റവും നിശബ്ദ ഇരകൾ പലപ്പോഴും കുട്ടികളാണ്. അവർക്ക് സംഭവിക്കുന്നതിന്റെ മുഴുവൻ അർഥം മനസിലാകണമെന്നില്ല; പക്ഷേ, വീട്ടിലെ ഭയം അവർ അനുഭവിക്കും. ചിലർ പഠനത്തിൽ പിന്നോട്ടു പോകും. ചിലർ മിണ്ടാതാകും. ചിലർ കോപിഷ്ഠരാകും. ചിലർ വളർന്നുകഴിഞ്ഞ് അതേ വഴിയിലേക്ക് വഴുതിപ്പോകാനുള്ള അപകടസാധ്യത നേരിടും. അതുകൊണ്ടാണ് ലഹരിയെ പല വിദഗ്ധരും കുടുംബരോഗം എന്നു വിളിക്കുന്നത്.
ചികിത്സിക്കാവുന്ന രോഗം
ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാടിൽ ലഹരി ഒരു മോശം ശീലമോ ധാർമിക പരാജയമോ മാത്രമല്ല; രോഗനിർണയ മാനദണ്ഡങ്ങളുള്ള ഒരു മെഡിക്കൽ അവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് -11 പ്രകാരം ആശ്രിതത്വം രൂപപ്പെട്ടാൽ വ്യക്തിക്ക് ലഹരി ഉപയോഗിക്കാനുള്ള ശക്തമായ ആഗ്രഹം അനുഭവപ്പെടാം. ഉപയോഗം നിർത്തണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചാലും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് വരാം. ആരോഗ്യത്തിലും കുടുംബത്തിലും ജോലിയിലും പഠനത്തിലും ദോഷം സംഭവിക്കുന്നതായി അറിഞ്ഞിട്ടും ഉപയോഗം തുടർന്നേക്കാം. അതേ അനുഭവം ലഭിക്കാൻ കൂടുതൽ അളവ് ആവശ്യമായി വരാം. ഉപയോഗം നിർത്തുമ്പോൾ ശരീരവും മനസും അസ്വസ്ഥമാകാം. ഇവ സ്വഭാവത്തിലെ ബലഹീനതയുടെ അടയാളങ്ങളല്ല; രോഗത്തിന്റെ ലക്ഷണങ്ങളാണ്.
മനുഷ്യന്റെ തലച്ചോറിൽ സന്തോഷവും പ്രചോദനവും പ്രതിഫലവും നിയന്ത്രിക്കുന്ന ഒരു സംവിധാനമുണ്ട്. കുടുംബസ്നേഹം, സൗഹൃദം, പ്രാർഥന, കായികപ്രവർത്തനം, കല, നേട്ടങ്ങൾ, ആത്മീയാനുഭവങ്ങൾ എന്നിവയിലൂടെ ഈ സംവിധാനം സ്വാഭാവികമായി പ്രവർത്തിക്കുന്നു. എന്നാൽ, ലഹരിവസ്തുക്കൾ തലച്ചോറിന് അപകടകരമായ ഒരു ‘ഷോർട്ട്കട്ട്’ നൽകുന്നു. ഡോപ്പമിൻ എന്ന ന്യൂറോ കെമിക്കൽ അസാധാരണമായി വർധിപ്പിച്ച് അവ കൃത്രിമമായ ആനന്ദം സൃഷ്ടിക്കുന്നു. ആനന്ദം വാഗ്ദാനം ചെയ്ത വസ്തു പിന്നീട് ശരീരത്തെയും മനസിനെയും നിയന്ത്രിക്കാൻ തുടങ്ങുന്നു. ചില ലഹരികൾ പെട്ടെന്ന് നിർത്തുമ്പോൾ ഫിറ്റ്സ്, വിറയൽ തുടങ്ങിയ ഗുരുതരാവസ്ഥകൾ വരെ ഉണ്ടാകാം. അതുകൊണ്ടുതന്നെ ലഹരി ഉപേക്ഷിക്കൽ പലപ്പോഴും വൈദ്യപരിപാലനത്തിൽ നടത്തേണ്ട ചികിത്സാപ്രക്രിയയാണ്.
സത്യവും മിഥ്യയും
‘മനസുവച്ചാൽ മതി’ എന്ന വാചകം ചികിത്സാമുറിയിൽ പലപ്പോഴും കേൾക്കാറുണ്ട്. മനോബലം തീർച്ചയായും പ്രധാനമാണ്. മനോബലം ചികിത്സയ്ക്ക് സഹായകവുമാണ്; പക്ഷേ, ചില ഘട്ടങ്ങളിൽ മനോബലം മാത്രം ചികിത്സയാകില്ല. ലഹരിയിൽനിന്ന് വേർപെടുത്തുക എന്നത് ശരീരത്തെയും മനസിനെയും സുരക്ഷിതമായി കൈപിടിച്ചിറക്കേണ്ട പ്രക്രിയയാണ്; അതിക്രമത്തിലൂടെയോ അപമാനത്തിലൂടെയോ ചെയ്യേണ്ട കാര്യമല്ല. ‘വീണ്ടും ഉപയോഗിച്ചാൽ ചികിത്സ പരാജയപ്പെട്ടു’ എന്ന ധാരണയും കുടുംബങ്ങളെ തളർത്തുന്ന മറ്റൊരു മിഥ്യയാണ്. പ്രമേഹവും രക്തസമ്മർദവുംപോലെ അഡിക്ഷൻ പലർക്കും ദീർഘകാല നിയന്ത്രണം ആവശ്യമായ രോഗമാണ്. വീണ്ടും വഴുതിവീഴൽ സംഭവിക്കാം. അത് ചികിത്സയുടെ അവസാനമല്ല; ചികിത്സാ പദ്ധതിയെ വീണ്ടും ശക്തിപ്പെടുത്തേണ്ടതിന്റെ സൂചനയാണ്. ‘മരുന്ന് കഴിച്ചാൽ മറ്റൊരു ലഹരിയാകും’ എന്ന ഭയവും ചിലർക്കുണ്ട്. ഡോക്ടറുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായി നൽകുന്ന മരുന്നുകൾ രോഗമുക്തിക്ക് സഹായിക്കാനാണ്.
ചികിത്സയെന്നത് ലഹരി നിർത്താനുള്ള ഒരു ഗുളിക നൽകുന്നതല്ല. ലഹരി ചികിത്സ ഒരു യാത്രയാണ്. ആദ്യഘട്ടത്തിൽ രോഗിയെ സുരക്ഷിതനാക്കുകയാണ് പ്രധാന ലക്ഷ്യം. ചിലർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ വേണം. ചിലർക്ക് പുറത്തുനിന്നുള്ള ചികിത്സ മതിയാകും.
ശരീരത്തിൽനിന്ന് ലഹരി മാറിയശേഷവും അതിന്റെ ഓർമയും കൊതിയും ജീവിതരീതികളിലെ പഴയ വഴികളും തലച്ചോറിൽ തുടർന്നേക്കാം. അതുകൊണ്ടാണ് ദീർഘകാല ചികിത്സ അത്ര പ്രധാനമാകുന്നത്. ചികിത്സയുടെ ലക്ഷ്യം ലഹരി നിർത്തുക മാത്രമല്ല. വീണ്ടും ജീവിക്കാൻ പഠിക്കുകകൂടിയാണ്. വീണ്ടും കുടുംബത്തോടൊപ്പം ഇരിക്കുക. വീണ്ടും ജോലി ചെയ്യുക. വീണ്ടും സ്വപ്നം കാണുക. വീണ്ടും പ്രാർഥനയിൽ സമാധാനം കണ്ടെത്തുക. വീണ്ടും കണ്ണാടിയിൽ നോക്കുമ്പോൾ തന്നെ വെറുക്കാതെ കാണാൻ പഠിക്കുക. അതാണ് യഥാർഥ രോഗമുക്തി.
ലഹരി ഒരു മനുഷ്യനെ മാറ്റിമറിച്ചേക്കാം. പക്ഷേ സ്നേഹവും ചികിത്സയും പ്രത്യാശയും ചേർന്നാൽ ഒരു മനുഷ്യനെ വീണ്ടും വീണ്ടെടുക്കാനും കഴിയും. ലഹരി ഒരു ദൗർബല്യമല്ല. അത് ചികിത്സിക്കാവുന്ന രോഗമാണ്. ലഹരിമുക്തി ഒരു അദ്ഭുതമല്ല. അത് ശാസ്ത്രത്തിന്റെയും ചികിത്സയുടെയും കുടുംബസ്നേഹത്തിന്റെയും സമൂഹത്തിന്റെ കരുണയുടെയും ദൈവം മനുഷ്യനിൽ നിക്ഷേപിച്ച പ്രത്യാശയുടെയും വിജയമാണ്.
(കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൽ സൈക്യാട്രിസ്റ്റാണ് ലേഖിക)