പ്രശസ്ത സ്കോട്ടീഷ് ചിന്തക ഫ്രാൻസെസ് റൈറ്റ് ഒരിക്കൽ പറയുകയുണ്ടായി. “സ്വാതന്ത്ര്യത്തിന്റെ ആത്മാവാണ് തുല്യത. അതില്ലെങ്കിൽ ഒരു സ്വാതന്ത്ര്യവുമില്ല.”
ചിതറിക്കിടന്ന 29 തൊഴിൽ നിയമങ്ങൾ വിഷയാടിസ്ഥാനത്തിലും പ്രാമുഖ്യാടിസ്ഥാനത്തിലും ഏകീകരിക്കാൻ കൊണ്ടുവന്ന തൊഴിൽസംഹിതകൾ ഏതാനും ദിവസങ്ങൾക്കുമുന്പ് നിലവിൽ വന്നു. 2019ൽ പാർലമെന്റ് പാസാക്കിയ വേജ് കോഡിനു പിന്നാലെ 2020ൽ രൂപംകൊടുത്ത സാമൂഹ്യസുരക്ഷാ കോഡ്, തൊഴിൽസുരക്ഷാ കോഡ്, വ്യവസായബന്ധ കോഡ് എന്നീ മൂന്നു വ്യത്യസ്ത തൊഴിൽനിയമങ്ങൾ തൊഴിൽരംഗത്ത് കാതലായ മാറ്റവും ക്ഷേമരാഷ്ട്രമെന്ന നിലയിൽ തൊഴിലാളികൾക്ക് ഉറപ്പാക്കേണ്ടതായ അന്തസാർന്ന ജീവിതസാഹചര്യവും ലക്ഷ്യംവച്ചുള്ളതാണ്. എന്നാൽ, നിയമവ്യവസ്ഥകൾ സമഗ്രമായ വിശകലനത്തിനു വിധേയമാക്കുന്പോൾ തെളിഞ്ഞുവരുന്നത് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ നിയമപരിഷ്കാരങ്ങൾക്ക് എത്രത്തോളം കഴിയുമെന്നുള്ള ആശങ്കയാണ്.
തൊഴിലാളിവർഗത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യപരിഗണന പുതിയ തൊഴിൽനിയമങ്ങൾ ഉറപ്പാക്കുന്നുണ്ടോ എന്നതു പ്രധാനമാണ്. തൊഴിലാളിവർഗത്തിലെ ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിൽമേഖലയ്ക്ക് സാമൂഹികസുരക്ഷയും തൊഴിൽസുരക്ഷയും ആരോഗ്യവും ആയുസും അന്തസാർന്ന ജീവിതസാഹചര്യവും ഉറപ്പാക്കേണ്ടതുണ്ട്. അവരെ വേണ്ടരീതിയിൽ പരിഗണിക്കാത്ത നിയമവ്യവസ്ഥകൾക്കും നയരൂപീകരണത്തിനും ക്ഷേമരാഷ്ട്രത്തിൽ സ്ഥാനമില്ല.
ഒന്നിപ്പിക്കുന്ന അധികാരസ്രോതസ് ഭരണഘടനയിൽ സാമൂഹിക സുരക്ഷ, സാമൂഹിക ഇൻഷ്വറൻസ്, തൊഴിൽ, തൊഴിലില്ലായ്മ, ട്രേഡ് യൂണിയനുകൾ, വ്യവസായ-തൊഴിൽ തർക്കങ്ങൾ, തൊഴിൽക്ഷേമ നടപടികൾ എന്നിവയെല്ലാം സമാന്തരപട്ടികയിൽ (കണ്കറന്റ് ലിസ്റ്റ്) 22 മുതൽ 24 വരെയുള്ള എൻട്രികളിലായി പ്രതിപാദിക്കുന്ന വിഷയങ്ങളാണ്. അതിനാൽത്തന്നെ പാർലമെന്റിനും സംസ്ഥാന നിയമനിർമാണ സമിതികൾക്കും ഈ വിഷയങ്ങളിൽ നിയമനിർമാണത്തിന് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും കൊണ്ടുവന്നിട്ടുള്ള ഏതാണ്ട് 140 വ്യത്യസ്ത നിയമങ്ങളുണ്ട്. ഈ നിയമങ്ങളെല്ലാം ഉടലെടുത്തത് ചർച്ചകളിലൂടെയും തൊഴിലാളികളെയും മാനേജ്മെന്റിനെയും വിശ്വാസത്തിലെടുത്തും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുമാണ്. എന്നാൽ ഇപ്പോൾ നടപ്പാക്കിയ നിയമപരിഷ്കാരങ്ങൾക്കു മുന്നോടിയായി കാര്യക്ഷമമായ ഒരു തുറന്ന ചർച്ച ജനാധിപത്യരീതിയിൽ ഉണ്ടായോ എന്നത് വെറും വിമർശനമായി തള്ളിക്കളയാവുന്നതല്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ഫലപ്രദമായി കോർത്തിണക്കേണ്ടതിനു പകരം തൊഴിൽമേഖലയിൽ തിടുക്കത്തിലുള്ള നിയമനിർമാണ നടപടിയിലൂടെ ഫെഡറൽ സംവിധാനത്തിനു മങ്ങലേൽക്കുന്ന സ്ഥിതിവിശേഷവുമുണ്ട്.
ഭരണഘടനാ ദർശനം മാർഗരേഖ
ഭരണഘടനയുടെ നാലാം ഭാഗത്തിൽ പ്രതിപാദിക്കുന്ന മാർഗനിർദേശക തത്വങ്ങൾ രാജ്യത്തിന്റെ നിയമനിർമാണങ്ങളെയും നയരൂപീകരണങ്ങളെയും സ്വാധീനിക്കേണ്ടതായ അടിസ്ഥാന ഭരണതത്വങ്ങളും ഭരണഘടനാ മൂല്യങ്ങളുമാണ്. സ്ത്രീക്കും പുരുഷനും തൊഴിൽചെയ്തു ജീവിതമാർഗം കണ്ടെത്താൻ തുല്യ അവകാശമാണുള്ളത്. തുല്യജോലിക്കു വേർതിരിവുകളില്ലാതെ തുല്യവേതനത്തിനും അർഹതയുണ്ട്. തൊഴിലാളികളുടെ ആരോഗ്യവും ശക്തിയും ചൂഷണങ്ങൾക്കു വിധേയമാകാതെ സംരക്ഷിക്കപ്പെടണം. ജോലി ചെയ്യാനുള്ള അവകാശം വികസനത്തിനും സാന്പത്തിക സുസ്ഥിതിക്കും വിധേയമായി ഉറപ്പാക്കണം.
തൊഴിലില്ലായ്മയെ മറികടക്കാൻ സഹായകമായ പദ്ധതികൾ ആവിഷ്കരിക്കണം. നീതിയുക്തവും മാനുഷികവുമായ തൊഴിൽസാഹചര്യങ്ങൾ ഉണ്ടാകണം. അന്തസാർന്ന ജീവിതത്തിന് കരുത്തു പകരുന്നതാകണം തൊഴിലാളികൾക്കു ലഭ്യമാക്കുന്ന വേതനം. ഇക്കാര്യത്തിൽ എല്ലാ വിഭാഗം തൊഴിലാളികളെയും വ്യത്യാസങ്ങളില്ലാതെ ഒന്നായി കണ്ടുകൊണ്ടുള്ള സമീപനമാണ് ഉണ്ടാകേണ്ടത്. കർഷകത്തൊഴിലാളിയെന്നോ വ്യവസായത്തൊഴിലാളിയെന്നോ ഉള്ള വേർതിരിവുകളില്ലാതെ എല്ലാ വിഭാഗം തൊഴിലാളികൾക്കും തൊഴിൽ മേഖലകൾക്കും സാമൂഹികസുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പാക്കണം. വ്യവസായശാലകളുടെ ഭരണത്തിൽ തൊഴിലാളികൾക്കും പ്രാതിനിധ്യം ഉറപ്പാക്കണം. ഭരണഘടനയുടെ 39, 41, 42, 43, 43എ എന്നീ അനുഛേദങ്ങളിൽ പ്രതിപാദിക്കുന്ന മാർഗനിർദേശക തത്വങ്ങളിൽ അന്തർലീനമായ ഭരണഘടനാ ദർശനങ്ങളാണിത്.
തൊഴിൽനിയമങ്ങൾ സാമൂഹികക്ഷേമ വ്യവസ്ഥകളാണെന്നതിനാൽ അവയുടെ ലക്ഷ്യം തൊഴിലാളികൾക്ക് അന്തസാർന്ന ജീവിതസാഹചര്യം ഉറപ്പാക്കുക എന്നതായിരിക്കണം. പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് കേസിൽ സുപ്രീംകോടതി ഇതു വ്യക്തമാക്കിയതാണ്. തൊഴിൽപരിഷ്കാര കോഡുകളെ ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണു വിശകലനം ചെയ്യപ്പെടേണ്ടത്.
ആകർഷകമല്ലാത്ത വ്യവസ്ഥകൾ
ആപത്കരമായ തൊഴിൽ സാഹചര്യങ്ങളിൽനിന്നു സംരക്ഷണവും ആരോഗ്യപരമായ തൊഴിൽ അവകാശവുമാണ് തൊഴിൽ സുരക്ഷാകോഡ് ലക്ഷ്യമിടുന്നത്. എന്നാൽ, സാന്പത്തികമേഖലയിൽ തൊഴിൽ ചെയ്യുന്ന എല്ലാ വിഭാഗങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നില്ല. അസംഘടിതമേഖലയിലെ തൊഴിൽ വിഭാഗങ്ങളായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ടവർ, വീട്ടുജോലിക്കാർ, ട്രെയിനികൾ, വോളണ്ടിയർമാർ എന്നിവരെയും ഉൾപ്പെടുത്തണം. ഇതരസംസ്ഥാന തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഉറപ്പാക്കാനുള്ള കൂട്ടുത്തരവാദിത്വം കരാറുകാരനും മുഖ്യ തൊഴിൽദാതാവിനും നൽകേണ്ടിയിരുന്നു.
പൊതുവിതരണ സംവിധാനത്തിൽനിന്നു ലഭിക്കേണ്ടതായ ആനുകൂല്യങ്ങളും നിർമാണത്തൊഴിലാളി ക്ഷേമാനുകൂല്യങ്ങളും ഇതരസംസ്ഥാന തൊഴിലാളികൾക്കും ഉറപ്പാക്കുന്നുവെന്നത് നല്ല കാര്യമാണ്. എന്നാൽ, പത്തോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രം ക്ഷേമാനുകൂല്യങ്ങൾ ബാധകമാക്കിയതു തൊഴിൽസംരക്ഷണത്തിന്റെ വ്യാപ്തി ദുർബലമാക്കുന്നു. അന്തർസംസ്ഥാന തൊഴിലാളികൾക്കു നൽകുന്ന തൊഴിൽ സംരക്ഷണം തുല്യാടിസ്ഥാനത്തിൽ സമാന സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്കും ഉറപ്പാക്കണം.
ആരോഗ്യപരവും സുരക്ഷാപരവുമായ സേവനം ഉറപ്പാക്കാൻ തൊഴിൽദാതാവിന്റെ ഉത്തരവാദിത്വങ്ങൾ പ്രത്യേകം പരാമർശിക്കപ്പെടണം. മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അവകാശം സർക്കാരിന് നൽകിയിരിക്കുന്നു. മിനിമം തൊഴിൽസുരക്ഷാ മാനദണ്ഡങ്ങൾ നിയമത്തിൽത്തന്നെ ഉൾപ്പെടുത്തേണ്ടിയിരുന്നു. തൊഴിൽസ്ഥലങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള മാനദണ്ഡങ്ങൾ പ്രത്യേകം പ്രതിപാദിക്കപ്പെടേണ്ടതല്ലേ! ഇതരസംസ്ഥാന തൊഴിലാളികൾക്കും അസംഘടിത തൊഴിലാളികൾക്കും സാമൂഹികസുരക്ഷാ ഫണ്ട് ഏർപ്പെടുത്തിയത് നല്ലൊരു ചുവടുവയ്പാണ്. പക്ഷേ, ഇതിന്റെ ധനസമാഹരണം എങ്ങനെയെന്നതു വ്യക്തമല്ല. തൊഴിൽ നിയമലംഘനങ്ങൾക്കു ചുമത്തപ്പെടുന്ന പിഴയിലൂടെ ലഭിക്കുന്ന ധനസമാഹരണം അപര്യാപ്തമാണ്. ലോക്ഡൗണ്, മഹാമാരി, അപകടം, അടച്ചുപൂട്ടൽ എന്നിവമൂലം ഉണ്ടാകുന്ന തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന അത്യാസന്നഘട്ടങ്ങളെ തരണം ചെയ്യാനുള്ള സുരക്ഷാഫണ്ടാണിത്.
വ്യത്യസ്ത സമീപനങ്ങൾ
തൊ
തൊഴിലാളികൾക്ക് ഉറപ്പാക്കേണ്ടതായ പ്രോവിഡന്റ് ഫണ്ട്, ലൈഫ് ഇൻഷ്വറൻസ്, സ്റ്റേറ്റ് ഇൻഷ്വറൻസ്, ഗ്രാറ്റുവിറ്റി, പ്രസവാനുകൂല്യങ്ങൾ എന്നിവ ഫലപ്രദമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സാമൂഹികസുരക്ഷാ കോഡ്.
എന്നാൽ, ഈ ആനുകൂല്യങ്ങളുടെ പരിധിയിൽ അനൗപചാരിക തൊഴിലാളികളും ദുർബല തൊഴിലാളിവിഭാഗവും വേണ്ടരീതിയിൽ പരിഗണിക്കപ്പെടുന്നില്ല. സാമൂഹികസുരക്ഷാ വിട്ടുവീഴ്ചകൾക്കു വിധേയമാകാതെ, നിർബന്ധമായും ലഭ്യമാക്കേണ്ടതായ ഒരു അവകാശമായി ഉറപ്പാക്കണം. കോഡിലെ 2(6) വകുപ്പുപ്രകാരം നിർമാണമേഖലയിൽ പത്തോ അതിലധികമോ നിർമാണത്തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണകേന്ദ്രങ്ങൾക്കാണു സാമൂഹികസുരക്ഷാ നിയമം ബാധകമാകുക.
ചെറുകിട പാർപ്പിടനിർമാണ മേഖല ഒഴിവാക്കപ്പെട്ടിരിക്കുന്നു. നിർമാണത്തൊഴിലാളികളിൽ നല്ലൊരു ശതമാനം ജോലിചെയ്യുന്ന ചെറുകിട പാർപ്പിട നിർമാണമേഖല ഒഴിവാക്കപ്പെട്ടതുവഴി സാമൂഹികസുരക്ഷാ കോഡിന്റെ വ്യാപ്തി പരിമിതപ്പെട്ടിരിക്കുന്നു. നിയമത്തിലെ 2(90) വകുപ്പുപ്രകാരം ‘വേജ്ഡ് വർക്കർ’ വിഭാഗത്തിൽ നിശ്ചിത ശന്പളം ലഭിക്കുന്നവർ മാത്രം ഉൾപ്പെട്ടിരിക്കുന്നു. പ്രോവിഡന്റ് ഫണ്ട് പരിധിയിൽ എല്ലാ സ്ഥാപനങ്ങളും ഉൾപ്പെടുന്നില്ല. ഇരുപതോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കാണു പ്രോവിഡന്റ് ഫണ്ട് ബാധകമാകുക. ചെറുകിട-നാമമാത്ര സംരംഭങ്ങൾ ഇതിനാൽ ഒഴിവാക്കപ്പെട്ടതായി കാണണം.
ജീവനു ഭീഷണിയുള്ളതും ആപത്കരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപങ്ങളിലെ തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യത്തിന് അർഹതയുണ്ട്. തൊഴിൽ സ്ഥാപനത്തിന്റെ നിർവചനത്തിൽ എല്ലാ തൊഴിൽ ശാലകളും ഉൾപ്പെടേണ്ടിയിരുന്നു. അസംഘടിത തൊഴിൽ മേഖലയുടെ വൈവിധ്യം പരിഗണിക്കപ്പെടുന്നില്ല. പ്രോവിഡന്റ് ഫണ്ട് ബോർഡിൽ ദുർബല വിഭാഗങ്ങൾക്കു പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. സാന്പത്തികമുണ്ടായിട്ടും പ്രോവിഡന്റ് ഫണ്ടിലേക്കു വിഹിതം യഥാസമയം നൽകാത്ത തൊഴിലുടമകളെ പ്രത്യേക വിഭാഗമായി കണ്ടുകൊണ്ട് ഗൗരവമായ ശിക്ഷാരീതികൾ പ്രതിപാദിക്കേണ്ടിയിരുന്നു.
Tags : equal protection Labour code