ക്രിമിനൽ കേസുകളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം
Sunday, September 22, 2019 1:28 AM IST
പലവഴികളിലൂടെ സർക്കാരിന്റെ പക്കൽ ധാരാളം പണം എത്തിച്ചേരുന്നുണ്ടല്ലോ. അർഹിക്കുന്നവർക്കു ദുരിതാശ്വാസനിധിയിൽനിന്നോ പൊതുഫണ്ടിൽനിന്നോ ഒക്കെ സഹായം അനുവദിക്കാറുമുണ്ട്. പ്രകൃതിദുരന്തത്തിൽപ്പെട്ടവർക്കും മറ്റുള്ളവരിൽനിന്ന് ആക്രമണം നേരിടേണ്ടിവന്നവർക്കുമൊക്കെയാണല്ലോ സർക്കാർ ധനസഹായം നല്കാറുള്ളത്. ഇത്തരം സഹായം ലഭിക്കുന്നവർ ആരൊക്കെയാണെന്നു നോക്കുന്പോൾ നാം ചിലപ്പോഴൊക്കെ അന്പരന്നുപോകാറുണ്ട്.
നെടുങ്കണ്ടത്ത് പോലീസ് പീഡിപ്പിച്ചു കൊന്നതായി കേസുള്ള രാജ്കുമാറിന്റെ ആശ്രിതർക്ക് ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും ലഭിച്ചു. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നയാൾ കൊലചെയ്യപ്പെട്ടപ്പോൾ അയാളുടെ ആശ്രിതർക്ക് കിട്ടുന്ന ആശ്വാസധനം വളരെ വിലപ്പെട്ടതുതന്നെ. പക്ഷേ ഈ പണം എവിടെനിന്നെടുത്താണ് കൊടുക്കുന്നത് എന്നകാര്യം വളരെ പ്രസക്തമാണ്. സർക്കാരിന്റെ പണം എന്നാൽ അതു ജനങ്ങളുടെ പണമാണ്. ഈ കൊലക്കേസിൽ പ്രതികൾ പോലീസുകാരാണ്. സർക്കാരിന്റെ, അതായത് ജനത്തിന്റെ പണമെടുത്തല്ല, മറിച്ച് കൊലനടത്തിയ പോലീസുകാരിൽനിന്നു പണം ഈടാക്കിയാണ് ഇരയുടെ കുടുംബത്തിനു നല്കേണ്ടിയിരുന്നത്.
ഈയിടെ ഐഎഎസ്കാരന്റെ വണ്ടിയിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിലും സർക്കാർ സഹായധനം ഇരയുടെ ഭാര്യക്കു നല്കി. ഇവിടെയും കേസിൽ പ്രതിയായ ആൾ ഒരു നഷ്ടവും സഹിക്കാതെ വിലസുന്നു. മരിക്കുന്നതു ഭരണകക്ഷിയിൽപ്പെട്ടയാളാണെങ്കിൽ സ്വാഭാവിക മരണമാണെങ്കിൽകൂടി അയാളുടെ കടംവീട്ടാനും മറ്റുമായി ദുരിതാശ്വാസ നിധിയിൽനിന്നു ലക്ഷങ്ങൾ സംഭാവന നല്കിയതും നാം കണ്ടു. ഇതെല്ലാം ജനത്തിന്റെ പണമാണ്.
ആരാന്റെ പന്തലിൽ വരണം എന്റെ വിളന്പുകാണണമെങ്കിൽ എന്ന ചൊല്ല് ഓർമവരുന്നു. സർക്കാരിന്റെ ധനസഹായം എത്തേണ്ടത് ആരും പ്രത്യേകിച്ച് ഉത്തരവാദികളല്ലാത്ത പ്രകൃതിദുരന്തങ്ങൾക്കിരയാകുന്നവർക്കും പണമില്ലാത്തതുകൊണ്ടു പഠനം മുടക്കേണ്ടിവരുന്ന കുട്ടികൾക്കും തീരാവ്യാധികൊണ്ട് നരകിക്കുന്ന ദരിദ്രർക്കുമൊക്കെയാണ്.
ജനശ്രദ്ധയാകർഷിക്കുന്ന ക്രിമിനൽ കേസുകളിലെ ഇരകൾക്കു ലക്ഷങ്ങൾ കൊടുത്തു കൈയടി നേടുന്ന പ്രവണത അവസാനിപ്പിക്കണം. അപകടമോ ദുരന്തമോ ആരുമൂലം ഉണ്ടാകുന്നുവോ അയാളാണ് നഷ്ടപരിഹാരം നൽകുന്നതിന് ഉത്തരവാദി, പൊതുജനമല്ല.
ജോ മുറികല്ലേൽ, പാലാ