കോവിഡ്: പ്രതിപക്ഷത്തിനും വേണ്ടത് ഭയമല്ല, ജാഗ്രത
Monday, March 16, 2020 11:28 PM IST
കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ പിടിച്ചു കുലുക്കുന്നു. കേരളവും അതീവ ജാഗ്രതയിലാണ്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റുന്നു. അതിനിടയിൽ വരുന്ന പിഴവുകൾ ചൂണ്ടിക്കാണിക്കേണ്ടത് തന്നെയാണ്. പക്ഷേ ആരോഗ്യമന്ത്രിക്കു മീഡിയ മാനിയ ആണെന്നും ഇമേജ് ബിൽഡിംഗ് നടത്തുന്നെന്നും പറഞ്ഞല്ല പാളിച്ചകളെ ചൂണ്ടിക്കാണിക്കേണ്ടത്.
ആരോഗ്യ വകുപ്പ് വഴി പിണറായി സർക്കാരിന്റെ യശസുയരുമോയെന്ന ഭീതിയാണ് പ്രതിപക്ഷത്തെ ഭരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറത്തുള്ള ബഹുമാനവും ശ്രദ്ധയും ആരോഗ്യമന്ത്രിക്കു കിട്ടുന്നുണ്ടെങ്കിൽ അതവരുടെ പ്രവർത്തന മികവ് കൊണ്ടാണ്.
കേരളത്തിലെ നടപ്പുരീതിയനുസരിച്ച് അടുത്ത അഞ്ച് വർഷം യുഡിഎഫ് അധികാരത്തിൽ വരേണ്ടതാണ്. അതിനൊരു മാറ്റം ഭരണപക്ഷം പ്രതീക്ഷിക്കുന്നതിനപ്പുറം പ്രതിപക്ഷം ഭയപ്പെടുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷത്തുള്ളവരുടെ പ്രസ്താവനകൾ വിരൽചൂണ്ടുന്നത്. ഇനിയും ഒരു വർഷം ബാക്കിയുണ്ട്, അതിനിടയിൽ സർക്കാർ തന്നെ എന്തെങ്കിലും കാര്യമായി മുന്നിലേക്കിട്ടു തരാതിരിക്കില്ല.
ചിലപ്പോൾ അപ്രതീക്ഷിതമായി വന്നുചേരുന്ന വിഷയങ്ങളായിരിക്കും ഒരുപക്ഷേ തെരെഞ്ഞെടുപ്പുകളുടെ ഗതി നിർണയിക്കുക, പക്ഷേ കിട്ടുന്ന വിഷയത്തിന്റെ പ്രസക്തിയും ഗൗരവവും മനസിലാക്കി ജാഗ്രതയോടെ ഉപയോഗപ്പെടുത്തുക. അടുത്ത ഭരണമാണ് ലക്ഷ്യമെങ്കിൽ അവധാനതയോടെ വേണം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ, അല്ലെങ്കിൽ കീശയിലുള്ള വോട്ട് കൂടി നഷ്ടപ്പെടും. ഭയമല്ല, ജാഗ്രതയാണ്’ വേണ്ടതെന്നർഥം. ഈ മഹാമാരിക്കാലത്ത് ഒന്നിച്ച് നിൽക്കുക, ഗുണമേ അതുകൊണ്ടുണ്ടാകൂ.
ബിഷർ കക്കാട്ടു പാറ, അൽഐൻ, യുഎഇ