വീണ്ടും മുല്ലപ്പെരിയാർ
Thursday, March 19, 2020 12:09 AM IST
കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി മേഖലയിൽ തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങൾക്കു സർക്കാർ സംവിധാനം വേണ്ടത്ര പ്രാധാന്യം കൊടുത്തതായി കാണുന്നില്ല എന്നു ഖേദപൂർവം പറയേണ്ടിയിരിക്കുന്നു. ലോകത്തുള്ള ഏതിനും ഒരു പരമാവധി ആയുസുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടും ഇതിനൊരപവാദമല്ല. അന്പതു വർഷത്തെ ആയുസ് കണക്കാക്കി കരിങ്കല്ലും ചുണ്ണാന്പും സുർക്കിയും കൊണ്ടു നിർമിച്ച അണക്കെട്ട് 125 വർഷത്തിൽ കൂടുതൽ ആയുസ് തികച്ചു.
സുർക്കി ഉപയോഗിച്ചു നിർമിച്ചതിൽ ഇപ്പോഴും നിലനിൽക്കുന്ന ഇന്ത്യയിലെ ഒരേയൊരണക്കെട്ട് മുല്ലപ്പെരിയാറാണ്. ഡാം നിർമാണത്തിന്റെ നൂതന സാങ്കേതികവിദ്യകളൊന്നും വശമില്ലാതിരുന്ന കാലത്ത് നിർമിച്ച ഡാം ഇത്രയുംകാലം നിലനിന്നതുതന്നെ ഭാഗ്യംകൊണ്ടു മാത്രമാണ്.
അടിക്കടി ഉണ്ടാകുന്ന ഭൂകന്പങ്ങളിലൊന്ന് ശക്തമായാൽ അതു താങ്ങാനുള്ള കെല്പ് കാലംചെന്ന ഈ ദുർബല അണക്കെട്ടിനുണ്ടാവില്ല എന്നാണ് പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അണക്കെട്ടിന്റെ പൊള്ളയായ ഒരു ഭാഗം മാത്രം അടയ്ക്കാൻ നൂറുകണക്കിനു ചാക്ക് സിമന്റ് വേണ്ടിവന്നുവെന്ന ഒരു വാർത്തയും കാണുകയുണ്ടായി. തമിഴ്നാട് മിനുക്കുപണികൾകൊണ്ട് ഓട്ട അടയ്ക്കുകയാണെന്നും പറയപ്പെടുന്നു. ഈ ചുറ്റുപാടിലാണ് ഹൈറേഞ്ച് മേഖലയിലെ ഭൂചലനങ്ങളെ നോക്കിക്കാണേണ്ടത്.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടതു യഥാസമയം ചെയ്യാൻ സർക്കാർ തയാറാകണം. പരിശോധനയും കോടതിയുമായി കാലംകഴിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് തോന്നിപ്പോകുന്നു.
പുതിയ കണക്കുകൾ പ്രകാരം ഭൂകന്പസാധ്യതയുള്ള ലോകത്തിലെ പ്രധാന ഒന്പതു ഡാമുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ എന്നും അറിയുന്നു. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പഴമൊഴി മുല്ലപ്പെരിയാറിനും ബാധകമാണ്.
വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ