കോവിഡ്കാല ഭക്ഷ്യസുരക്ഷ കാട്ടുപന്നിക്കു മാത്രമോ?
Monday, July 6, 2020 1:10 AM IST
ചോദ്യം സർക്കാരിനോടാണ്, ഭക്ഷ്യമന്ത്രിയോടാണ്. കേരളത്തിന്റെ പൊതുസമൂഹ മനഃസാക്ഷിയോടാണ്. കർഷകരുടെ കാര്യം കഷ്ടമാണു സാറേ. ഞങ്ങൾ കർഷകർ വിയർപ്പും കണ്ണീരും ഒഴുക്കിയുണ്ടാക്കുന്ന കപ്പയും ചേന്പും ചേനയും കാട്ടുപന്നി തിന്നുകയാണു സാറേ. ഞങ്ങളുടെ റബർത്തൈകൾ ഉൾപ്പെടെ എല്ലാ കാർഷികവിളകളുടെയും മൂടിളക്കി നശിപ്പിക്കുന്നു.
കർഷകരുടെ പത്രമായ ദീപികയിൽ ഉൾപ്പെടെ എത്ര കർഷകർ ഈ സത്യം പറഞ്ഞു കരയുന്നു! എന്നിട്ടും നിങ്ങൾ കാട്ടുമൃഗങ്ങളുടെ കൂട്ടുകാരാണെന്നു തെളിയിക്കുന്നു!
ഒരു അപേക്ഷ മുഖ്യമന്ത്രിയുടെ മുന്പിൽ വയ്ക്കുകയാണ്. കോവിഡിനു ശേഷമുള്ള ജീവിതഭദ്രതയ്ക്കു കൃഷി കൂടുതൽ ശക്തമാക്കണമെന്ന് അങ്ങും ഭക്ഷ്യമന്ത്രിയും ഒക്കെ പറയുന്നതു കേട്ടു. നിങ്ങൾ ഉദ്ദേശിച്ചത് കാട്ടാനയുടെയും കടുവയുടെയും കാട്ടുപന്നിയുടെയും ഞങ്ങളുടെ സഹോദരനായ ശിവൻകുട്ടിയെ ജീവനോടെ തിന്ന കടുവയുടെയുമൊക്കെ ജീവിതസുരക്ഷയാണോ? അതോ ഞങ്ങൾ കർഷകരുടെ സുരക്ഷയാണോ?
കാട്ടുപന്നിയെ കൊന്നുതിന്നാൻ അനുവാദം തരണം. ഞങ്ങൾ കൃഷിചെയ്യുന്നത് കാട്ടുപന്നി തിന്നു വയർ നിറയ്ക്കുന്നു. അപ്പോൾ ഞങ്ങൾക്കു വിശപ്പകറ്റാൻ കാട്ടുപന്നിയെ കൊന്നുതിന്നാനുള്ള അനുവാദം ലഭിക്കുക, പ്രകൃതിയുടെ നീതിയല്ലേ?
ഈപ്പച്ചൻ കണ്ണൻചിറ, പ്രകാശ്, ഇടുക്കി