തിരുവനന്തപുരം : നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുട ഉദ്ഘാടനം നിർവഹിച്ചു. ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം, പുത്തൻചന്ത ശ്രീബാലസുബ്രഹ്മണ്യക്ഷേത്രം കുളങ്ങളുടെയും ഇൻഫർമേഷൻ കിയോസ്കുകളുടെയും ഉദ്ഘാടനമാണ് നിർവഹിച്ചത്. ക്ഷേത്രക്കുളങ്ങളിൽ മണ്ഡപം, കുളിക്കടവ്, ഇരിപ്പടങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, ലാൻഡ് സ്കേപ്പിംഗ്, ഇല്യുമനേഷനും എൽഇഡി ലൈറ്റുകളും, ചുവർ ചിത്രങ്ങൾ, ജലശുചീകരണ സംവിധാനം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തികളാണ് നിർവഹിച്ചത്.
സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും നഗരത്തിൽ എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്കും ഉൾപ്പെടെ തിരുവനന്തപുരം നഗരത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതിന് പ്രയോജനകരമാകുന്നവിധത്തിൽ സ്ഥാപിച്ചിട്ടുള്ള അഞ്ച് ഇൻഫർമേഷൻ കിയോസ്കുകളുടെയും ഉദ്ഘാടനവും നിർവഹിച്ചു. പാളയം നഗരസഭ ഓഫീസ്, ഗാന്ധിപാർക്ക്, നേപ്പിയർ മ്യൂസിയം, പ്ലാനിറ്റോറിയം, തമ്പാനൂർ ബസ് ടെർമിനൽ എന്നിവിടങ്ങളിലാണ് ഇൻഫർമേഷൻ കിയോസ്കുകൾ സ്ഥാപിച്ചത്. നവീകരിച്ച രണ്ട് കുളങ്ങളുടെയും ഉദ്ഘാടനം രാവിലെ പുത്തൻചന്തയിൽ നടന്ന ചടങ്ങിലും ഇൻഫർമേഷൻ കിയോസ്കുകളുടെ ഉദ്ഘാടനം വൈകുന്നേരം ഗാന്ധിപാർക്കിൽ നടത്തിയ ചടങ്ങിലും ഡപ്യൂട്ടി മേയർ പി.കെ.രാജു നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എൽ.എസ്.ആതിര, എസ്.സലിം, ഡി.ആർ.അനിൽ, സ്മാർട്ട് സിറ്റി സിഇഒ വിനയ് ഗോയൽ തുടങ്ങിയവർ പങ്കെടുത്തു.