നഗരസഭയുടെ ആര്‍ആര്‍എഫില്‍ ഹരിതകർമ സേനാംഗങ്ങളുടെ പരിശീലനം
1570254
Wednesday, June 25, 2025 6:40 AM IST
നെയ്യാറ്റിൻകര : അമരവിളയില്‍ ആരംഭിച്ച നെയ്യാറ്റിൻകര നഗരസഭയുടെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ആര്‍എഫ്) യൂണിറ്റില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു.
അടുത്ത മാസം ഒന്നാം തീയതിയോടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. റിസോഴ്സ് റിക്കവറി ഫെസിലിറ്റി യൂണിറ്റില്‍ എത്തിക്കുന്ന അജൈവ മാലിന്യം കൺവെയർ ബെൽറ്റിന്റെ സഹായത്തോടെ ശാസ്ത്രീയമായി വേര്‍തിരിക്കുകയും തരംതിരിച്ച മാലിന്യം പിന്നീട് ബൈലിംഗ് മെഷീനിൽ ബയിൽ ചെയ്ത് ക്ലീന്‍ കേരള കന്പനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
നഗരസഭയിലെ വാര്‍ഡുകളിലേയ്ക്ക് നിയോഗിച്ചിട്ടുള്ള ഹരിത കര്‍മ സേനാംഗങ്ങളെ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നാലായി വേര്‍തിരിച്ചിട്ടുണ്ട്. ഓരോ ദിവസവും 22 പേര് വീതം ആര്‍ആര്‍എഫിലെ വിവിധപ്രവൃത്തികള്‍ ചെയ്യും.
നഗരസഭയുടെ ഏക ആര് ആര്‍എഫ് യൂണിറ്റാണ് അമരവിളയില്‍ ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇവിടെ നേരത്തെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്)യൂണിറ്റ് പ്രവര്‍ത്തിച്ചു വരികയായിരുന്നു. നഗരസഭയുടെ നിയന്ത്രണത്തില്‍ അമരവിള ഉള്‍പ്പെടെ മൂന്നു എംസിഎഫ് യൂണിറ്റുകളാണുള്ളത്. ആറാലുംമൂട്, തൊഴുക്കല്‍ എന്നിവിടങ്ങളിലാണ് മറ്റുള്ള രണ്ടെണ്ണം.
വാർഡുകളിൽനിന്നും ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് നേരത്തെ അതാത് വാര്‍ഡുകളില്‍ തന്നെ തരംതിരിക്കുമായിരുന്നു. മിനി എംസിഎഫുകളില്‍ നിന്നും അവ എംസിഎഫുകളില്‍ എത്തിക്കും. ആര്‍ആര്‍എഫ് യാഥാര്‍ഥ്യമായതോടെ, ഇനി ശേഖരിക്കുന്ന അജൈവ മാലിന്യം ആര്‍ആര്‍എഫില്‍ നേരിട്ട് എത്തിക്കാവുന്നതാണ്.