ര​ണ്ടം​ഗ സം​ഘം വീട്ടമ്മയുടെ അ​ഞ്ച​ര​പ്പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു
Saturday, August 24, 2019 12:41 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ട്ട​മ്മ​യു​ടെ അ​ഞ്ച​ര​പ്പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. വാ​മ​ന​പു​രം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​നു സ​മീ​പം ക​മ​ലാ ഭ​വ​നി​ല്‍ ക​മ​ലാ ദേ​വി​യു​ടെ ഒ​ന്ന​ര​പ്പ​വ​നും നാ​ലു പ​വ​നും തൂ​ക്കം വ​രു​ന്ന ര​ണ്ടു മാ​ല​ക​ളാ​ണ് ര​ണ്ടം​ഗ സം​ഘം ക​വ​ര്‍​ന്ന​താ​യി പ​രാ​തി.

ചൊ​വ്വാ​ഴ്ച ര​ണ്ടു പേ​ര്‍ വീ​ടി​നു മു​ന്‍ വ​ശ​ത്തെ​ത്തി ഗേ​റ്റി​നു സ​മീ​പം ഒ​രു പൂ​ച്ച ച​ത്തു കി​ട​ക്കു​ന്ന​താ​യി വീ​ട്ട​മ്മ​യോ​ട് പ​റ​യു​ക​യും പൂ​ച്ച​യെ മ​റ​വ് ചെ​യ്ത് വി​ശ്വാ​സം പി​ടി​ച്ചു പ​റ്റു​ക​യും ചെ​യ്തു. വീ​ട്ടി​ല്‍ താ​നും രോ​ഗി​യാ​യ ഭ​ര്‍​ത്താ​വും ര​ണ്ടു വ​യ​സു​ള്ള കൊ​ച്ചു​മ​ക​ളും മാ​ത്ര​മാ​ണു​ള്ള​തെ​ന്നും മ​ക​ള്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ​ന്നും വ​രു​മ്പോ​ള്‍ വൈ​കു​മെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വീ​ട്ട​മ്മ സം​ഘ​ത്തി​നോ​ടു പ​റ​ഞ്ഞി​രു​ന്നു.

തു​ട​ര്‍​ന്ന് സം​ഘാം​ഗ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ണ്ടും എ​ത്തി സ​മീ​പ​ത്തെ സ്കൂ​ളി​ല്‍ പ്ലം​ബിം​ഗ് ജോ​ലി​ക്കെ​ത്തി​യ ത​ങ്ങ​ള്‍ ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​ണെ​ന്നും എ​ന്തെ​ങ്കി​ലും ജോ​ലി ഉണ്ടെങ്കില്‍ വി​ളി​ക്ക​ണ​മെ​ന്നും ഫോ​ണ്‍ ന​മ്പ​ര്‍ ത​രാ​മെ​ന്നും വീ​ട്ട​മ്മ​യോ​ട് പ​റ​ഞ്ഞി​രു​ന്നു.ന​ന്പ​രെ​ഴുതാ​ൻ പേ​പ്പ​ര്‍ സം​ഘ​ത്തി​ന് ന​ൽ​കി​യ​പ്പോ​ൾ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ നി​ന്നും മാ​ല​യും പൊ​ട്ടി​ച്ചെ​ടു​ത്ത് സം​ഘാ​ഗ​ങ്ങ​ളി​ലൊ​രാ​ള്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യായിരുന്നു. പി​ന്നാ​ലെ വീ​ട്ട​മ്മ ഓ​ടി​യെ​ങ്കി​ലും ക​വ​ര്‍​ച്ച​ക്കാ​ര്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ട​മ്മ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി.