നെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ നാടകമത്സരത്തില്‍ നെയ്യാറ്റിന്‍കരയെ ഇക്കുറിയും നാടകക്കൂട്ടിലെ കൂട്ടുകാര്‍ പ്രതിനീധികരിക്കും. ഹൈസ്കൂള്‍ വിഭാഗത്തില്‍ വ്ളാത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച വിശപ്പ് ആണ് നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തിയത്. ആര്യ, അഷ്ടമി, അഭിഷേക്, അഭിജിത്, അതുൽ, സൂരജ്, സോനാ, അഖിൽ, ലിജിൻ, അനന്തു എന്നിവർ രംഗത്തും പിന്നണിയിലുമായി പ്രവര്‍ത്തിച്ചു.
നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കൂട്ടുകാര്‍ അവതരിപ്പിച്ച അപ്പന് പറഞ്ഞ കഥകള്‍ എന്ന നാടകമാണ് എച്ച്എസ്എസ് വിഭാഗത്തില്‍ ജില്ലാ തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വർഷ, ആർദ്ര, രശ്മി ശ്യാം, ബുദ്ധ പീറ്റർ, സൂരജ്, അമൽ, ബിനോജ്, വൈഷ്ണവ്, സിദ്ധാർത്ഥ് എന്നിവരാണ് ഈ നാടകത്തിലെ അഭിനേതാക്കള്‍.
എഴുത്തുകാരനായ വിനീഷ് കളത്തറയാണ് വിശപ്പ് രചിച്ചത്. അപ്പന് പറഞ്ഞ കഥകളുടെ രചന നിര്‍വഹിച്ചത് ഈ നാടകങ്ങളുടെ സംവിധായകന് കൂടിയായ പീറ്റര്‍ പാറക്കല്‍ ആണ്.
തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ പീറ്റര്‍ നെയ്യാറ്റിന്‍കര കേന്ദ്രമായി രൂപം നല്കിയ നാടകക്കൂട് എന്ന കുട്ടികളുടെ കൂട്ടായ്മയിലെ അംഗങ്ങളാണ് വിശപ്പും അപ്പന് പറഞ്ഞ കഥകളും അവതരിപ്പിച്ചത്. നാടകക്കൂടിന്റെ സഹായത്തോടെ പീറ്റര്‍ സംവിധാനം ചെയ്ത നാടകങ്ങള്‍ മുന്‍വര്‍ഷങ്ങളിലും ജില്ലയിലും സംസ്ഥാനത്തിലും മത്സരിക്കുകയും ശ്രദ്ധേയമായ പ്രതികരണങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.