അങ്ങാടിപ്പുറം: കേരള സംസ്ഥാനത്തിനു വലിയ ചീത്തപ്പേരുണ്ടാക്കിയ സർക്കാരാണ് ഇടതുസർക്കാരെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സാക്ഷര കേരളത്തിന്റെ സൽപ്പേര് കളഞ്ഞുകുളിച്ച ഇടതു സർക്കാരിനു തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമേൽപ്പിക്കണമെന്നു അദ്ദേഹം അഭ്യർഥിച്ചു. സ്വർണക്കള്ളക്കടത്ത്, രാജ്യദ്രോഹ പ്രവർത്തനങ്ങൾ, സർക്കാർ തന്നെ പ്രതിയായ കേസിലെ തെളിവുകൾ നശിപ്പിക്കാൻ ഭരണ സിരാകേന്ദ്രത്തിനു തീ കൊടുക്കൽ, മുഖ്യമന്ത്രിയുടെ സ്വന്തം സെക്രട്ടറിമാരെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്ത് ജയിലിലടക്കൽ, മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിസഭയിലെ സ്വന്തം പാർട്ടിയുടെ മന്ത്രിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തൽ,
മന്ത്രിമാരിൽ ഓരോരുത്തരെ വിവിധ കുറ്റാന്വേഷണ ഏജൻസികൾ ചോദ്യംചെയ്യൽ തുടങ്ങിയവയെല്ലാം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവങ്ങളാണെന്നു മജീദ് പറഞ്ഞു. സംസ്ഥാനത്തിന്റെ യശസു കളഞ്ഞുകുളിച്ച സർക്കാരാണ് പിണറായി സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അങ്ങാടിപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യുഡിഎഫ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ അറക്കൽ, സമദ് മങ്കട, കുന്നത്ത് മുഹമ്മദ്, പി.വി.ജോണി, ടി. കുഞ്ഞാലി, കെ.എസ്.ഹനീഷ്, വി.വിശ്വനാഥൻ, സി.എച്ച് മുസ്തഫ, പാതാരി അമീർ, കളത്തിൽ ഹാരിസ്, പി.ഹരിദാസ്, വി.മുരളീധരൻ, സ്ഥാനാർഥി സൈറ ബാനു തുടങ്ങിയവർ പ്രസംഗിച്ചു.