പൂക്കോട്ടുംപാടം: പിടികിട്ടാപ്പുള്ളിയായ മോഷണ കേസ് പ്രതി പിടിയിൽ. താമരശേരി പുതുപ്പാടി മുരിങ്ങാത്തൊടികയിൽ മുഹമ്മദാലി (61) യെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റു ചെയ്തത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ നവംബർ 15 ന് അമരന്പലം പാലത്തിനു സമീപത്തെ വീടിന്റെ പിറകുവശത്തെ ഗ്രില്ലിന്റെ പൂട്ടുതകർത്തു അകത്തു കടന്നു സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപയും മോഷ്ടിച്ച കേസിൽ പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി.വിഷ്ണു, എസ്ഐ രാജേഷ് അയോടൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പൂക്കോട്ടുംപാടം ടൗണിൽ വച്ച് അറസ്റ്റ് ചെയ്തത്. വിവരങ്ങൾ ശേഖരിച്ചും ടൗണിലെയും പരിസരങ്ങളിലെയും സിസി ടിവി ഷാഡോ കാമറകൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതിയെയും പ്രതിയുടെ വാഹനത്തെകുറിച്ചും പോലീസിനു സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നു ഇയാൾ നിരീക്ഷണത്തിലായിരുന്നു.
മഞ്ചേരി, എടവണ്ണ ഭാഗങ്ങളിൽ വ്യാജ പേരുകളിൽ വാടകവീടുകളിൽ താമസിച്ച് ബൈക്കിൽ കറങ്ങിനടന്നു ആളില്ലാത്ത വീടുകളിൽ പകൽസമയത്ത് മോഷണം നടത്തിവരികയായിരുന്നു. ഇങ്ങനെ ബൈക്കിൽ കറങ്ങുന്ന സമയത്താണ് പോലീസിന്റെ പിടിയിലായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ കാളികാവ്, കരുവാരക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി വീടുകളിൽ മോഷണ ശ്രമങ്ങൾ നടത്തിയതായും ഇയാൾ പോലീസിനോടു പറഞ്ഞു. മഞ്ചേരി, അരീക്കോട്, പെരിന്തൽമണ്ണ, മങ്കട, പട്ടാന്പി, തലശേരി, കൂത്തുപറന്പ്,കോഴിക്കോട് ടൗണ് പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി മോഷണം നടത്താനായി വിവിധ സ്ഥലങ്ങളിൽ നിന്നു വിവാഹം കഴിച്ച് വ്യാജ പേരുകളിൽ താമസിച്ചു വരികയായിരുന്നു. 2019 മെയ് മാസത്തിൽ കോഴിക്കോട് ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷമാണ് ഒളിവിൽ പോയത്.ജില്ലാപോലീസ് മേധാവി യു. അബ്ദുൾകരീം, പെരിന്തൽമണ്ണ എഎസ്പി എം.ഹേമലത എന്നിവരുടെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി.വിഷ്ണു, എസ്ഐമാരായ രാജേഷ് അയോടൻ, ഒ.കെ വേണു, എഎസ്ഐ ജോണ്സണ് സിപിഒമാരായ എസ്. അഭിലാഷ്, ടി. നിബിൻദാസ്, ഇ.ജി.പ്രദീപ് പ്രത്യേക അന്വേഷണസംഘത്തിലെ സി.പി.മുരളീധരൻ, ടി.ശ്രീകുമാർ, കൃഷ്ണകുമാർ, മനോജ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്.