വനഭൂമിയിലെ മരം വീണ് തകർന്ന വീട് മന്ത്രി സന്ദർശിച്ചു
1568306
Wednesday, June 18, 2025 4:54 AM IST
പൂക്കോട്ടുംപാടം: അമരന്പലം പാട്ടക്കരന്പിൽ വനഭൂമിയിലെ മരം വീണ് വീട് വാസയോഗ്യമല്ലാതായ കുടുംബത്തെ വനംമന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. കുന്നുമൽ സലാമിന്റെ വീട്ടിലെത്തിയ മന്ത്രി തകർന്ന വീട് വീക്ഷിച്ചു.
കഴിഞ്ഞദിവസം വൈകിട്ട് ഏഴുമണിയോടെയാണ് കരുളായി വനഭൂമിയിൽ നിന്നുള്ള കൂറ്റൻ മരം സലാമിന്റെ വീടിന് മുകളിൽ പതിച്ചത്. വാസയോഗ്യമല്ലാതായ കുടുംബത്തിന് താമസിക്കാൻ കണ്ടെത്തിയ വീടിന്റെ വാടകയും മാറാനുള്ള ചെലവും ചികിത്സാ ചെലവും വനം വകുപ്പ് നൽകി.
വീട് പുനർനിർമിക്കാനുള്ള ചെലവും വനംവകുപ്പ് വഹിക്കും.
വീടിന് മുകളിൽ വീണ മരം വനംവകുപ്പ് മുറിച്ച് മാറ്റിയിരുന്നു. നിലവിലെ നിയമം അനുസരിച്ച് ഈ കുടുംബത്തിന് ചെയ്യാവുന്ന പരമാവധി സഹായം അടിയന്തരമായി ചെയ്യുമെന്നും പരിക്കേറ്റ കുടുംബാഗങ്ങൾക്കുള്ള ചികിത്സ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു.
ഒപ്പം തന്നെ പാട്ടക്കരിന്പ് നിവാസികൾ ’നവകിരണം’ പദ്ധതിയുൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇവ പരിശോധിച്ച് നിയമാനുസൃതം കാര്യങ്ങൾ വേഗത്തിൽ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എൻസിപി ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ, ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ്, ജനാധിപത്യ കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എ. വിറ്റാജ്, ജൂബിറ്റ് സാബു, അനീഷ് കെ. പുന്നക്കുഴിയിൽ, കെ. വിജയൻ, റഹൂഫ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തുടർന്ന് പാട്ടക്കരിന്പ് പട്ടികവർഗ ഉന്നതിയിലും മന്ത്രി സന്ദർശനം നടത്തി. ഇവിടുത്തെ വീടുകൾക്ക് ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റാനാവശ്യപ്പെട്ട് ആദിവാസികൾ മന്ത്രിക്ക് നിവേദനവും നൽകി.