തിരുവമ്പാടി: വനംവകുപ്പിന്റെ നിയമവിരുദ്ധ കുടിയിറക്ക് നടപടികൾക്കെതിരേയും, വന്യമൃഗ ശല്യത്തിനെതിരേ ശക്തമായ സർക്കാർ നടപടികൾ ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചും, ബഫർസോണുകളിൽ നിന്നും കൃഷിഭൂമികളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും, കർഷകശബ്ദത്തിന്റേയും കിഫ (കേരള ഇൻഡിപെൻഡന്റ്ഫാർമേഴ്സ് അസോസിയേഷൻ) യുടെയും നേതൃത്വത്തിൽ തിരുവമ്പാടിയിൽ കർഷക പ്രതിരോധ സദസ് സംഘടിപ്പിച്ചു. കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കർഷകശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ അധ്യക്ഷത വഹിച്ചു. ജോണി കെ. ജോർജ്ജ്, അലക്സ് എം. സ്കറിയ എന്നീ അഭിഭാഷകർ നിയമ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.
പതിറ്റാണ്ടുകളായി കരം അടച്ചു കൈവശം വെച്ചുകൊണ്ടിരിക്കുന്ന കൃഷി ഭൂമി വനഭൂമിയാണ് എന്ന അവകാശവാദവുമായി കോഴിക്കോട് ജില്ലയുടെ മലയോര മേഘലയിൽ വനം വകുപ്പ് നടത്തുന്ന നിർബന്ധിത കുടിയറക്ക് അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അതിരൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുകയും കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, മള്ളൻപന്നി തുടങ്ങിയ വന്യജീവികളെ ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലുവാൻ കർഷകനെ അനുവദിക്കാനും അധികൃതർ തയ്യാറാകണം.
കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപെടുത്തിയിരിക്കുന്ന കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, ചക്കിട്ടപാറ, ചെമ്പനോട, കാവിലുംപാറ, തിനൂർ വില്ലേജുകളിൽ നിന്നും മലബാർ, വയനാട് വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽ നിന്നും കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്നും പ്രതിരോധ സദസിൽ ഉന്നയിക്കപ്പെട്ടു.
കർഷകശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കളത്തൂർ, മനോജ് കുംബ്ലാനി, ജോർജ്ജ് കുംബ്ലാനി, ബെന്നി ജോൺ , ദേവസ്യ കാളാംപറമ്പിൽ, ജിന്റോ ജയിംസ്, പ്രവീൺ ജോർജ്ജ്, അജു എമ്മാനുവൽ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കാവനൂർ പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹർബാനു തുടങ്ങിയവർ പ്രസംഗിച്ചു.