നൈ​നാം​വ​ള​പ്പി​ൽ ആ​വേ​ശം വീ​ട​ക​ങ്ങ​ളി​ൽ മാ​ത്രം
Sunday, June 13, 2021 11:58 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ഫു​ട്‌​ബോ​ള്‍ വി​കാ​ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന മ​ല​ബാ​റി​ന്‍റെ സ്വ​ന്തം നൈ​നാം വ​ള​പ്പി​ല്‍ ക​ളി​യാ​ര​വ​ങ്ങ​ള്‍​ക്ക് റെ​ഡ് കാ​ര്‍​ഡ്.
ലോ​ക​ക​പ്പാ​യാ​ലും യൂ​റോ​യാ​യാ​ലും കോ​പ്പ ആ​യാ​ലും ആ​വേ​ശം വി​ത​റി​യി​രു​ന്നു ഫി​ഫ​യു​ടെ ത​ന്നെ ‘ക​ണ്ണി​ല്‍​പ്പെ​ട്ട’ നാ​ട്... യൂ​റോ​ക​പ്പും കോ​പ്പ​യും ഒ​രു​മി​ച്ചെ​ത്തി​യ​പ്പോ​ള്‍ ഇ​പ്പോ​ള്‍ ഇ​വി​ടെ കൂ​റ്റ​ന്‍ സ്‌​ക്രീ​നു​ക​ളി​ല്ല, വ​ര​വേ​ല്‍​പ്പി​ല്ല, കൂ​ട്ടു​കൂ​ടി​യു​ള്ള ആ​ര​വ​ങ്ങ​ളി​ല്ല... ചേ​രി​തി​രി​ഞ്ഞു​ള്ള ജ​യ് വി​ളി​ക​ളി​ല്ല..
അ​തെ.. കോ​വി​ഡ് കാ​ലം കൊ​ണ്ടു​പോ​യ​ത് നൈ​നാം വ​ള​പ്പു​കാ​രു​ടെ ജീ​വ​നാ​ണ്... ഇ​ങ്ങ​നെ​യൊ​രു ഫു​ട്ബോ​ൾ കാ​ലം അ​വ​രു​ടെ ഓ​ര്‍​മ​യി​ല്‍ പോ​ലു​മി​ല്ല. കൂ​റ്റ​ന്‍ സ്‌​ക്രീ​നി​ല്ലാ​തെ സ്വ​ന്തം ടീ​മി​നെ​ക്കു​റി​ച്ചു​ള്ള മേ​നി​പ​റ​ച്ചി​ലി​ല്ലാ​തെ എ​ന്തു ഫു​ട്‌​ബോ​ള്‍ എ​ന്ന് ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു.
ഒ​റ്റ​യ്ക്കു വീ​ട്ടി​ലി​രു​ന്നു ഫു​ട്ബോ​ൾ കാ​ണേ​ണ്ടി​വ​രു​ന്ന ദു​ര്യോ​ഗം ദുഃ​സ്വ​പ്ന​ത്തി​ൽ പോ​ലും അ​വ​ർ ക​ണ്ടി​രു​ന്നി​ല്ല.
ലോ​ക​ത്തെ ഏ​തു മൈ​താ​ന​ത്തു പ​ന്തു​രു​ണ്ടാ​ലും നൈ​നാം​വ​ള​പ്പി​ൽ ആ​വേ​ശം ജ്വ​ലി​ക്കും. ആ​വേ​ശം ദേ​ശ​ങ്ങ​ള്‍ ക​ട​ന്ന​തോ​ടെ ഫി​ഫാ ഫെ​യ​ര്‍​പ്ലേ ടീ​ഷ​ര്‍​ട്ട്,ക്യാ​പ്,പേ​ന​ക​ള്‍,ബാ​ഡ്ജ് എ​ന്നി​വ​യ്ക്കു പു​റ​മേ​ ലോ​ക​ക​പ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ടെ​ക്‌​നി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടും നൈ​നാം വ​ള​പ്പ് ഫു​ട്‌​ബോ​ള്‍ ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​ബൈ​റി​ന് പാ​ഴ്‌​സ​ലാ​യി എ​ത്തി​യി​രു​ന്നു.
ലോ​ക​ക​പ്പി​ല്‍ ഇ​എ​സ്പി​എ​ന്‍ നേ​രി​ട്ടെ​ത്തി​യാ​ണ് നൈ​നാം വ​ള​പ്പി​ലെ ആ​വേ​ശം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. പ്ര​വാ​സി​ക​ള്‍ വ​രെ ലീ​വെ​ടു​ത്തു വ​രാ​റു​ണ്ടാ​യി​രു​ന്ന ഉ​ല്‍​സ​വ​മാ​യി​രു​ന്നു അ​ത്.