കൂ​രാ​ച്ചു​ണ്ടി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ
Saturday, October 16, 2021 1:30 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ങ്ങാ​ടി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൂ​ന്ന് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ച് അ​ങ്ങാ​ടി ഇ​രു​ട്ടി​ലാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും ക​ണ്ണ് തു​റ​ക്കാ​തെ അ​ധി​കൃ​ത​ർ. എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ലും ഹൈ​സ്കൂ​ൾ റോ​ഡി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച​തും എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച് പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന് സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​മാ​ണ് കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യെ പൂ​ർ​ണ​മാ​യി ഇ​രു​ട്ടി​ലാ​ക്കി​യ​ത്.
ദീ​ർ​ഘ​ദൂ​ര കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും നി​ര​വ​ധി സ്വ​കാ​ര്യ​ബ​സു​ക​ളും സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലും പു​ല​ർ​ച്ചെ​യും കൂ​രാ​ച്ചു​ണ്ടി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ വെ​ളി​ച്ച​മി​ല്ലാ​തെ ഇ​രു​ട്ടി​ൽ ത​പ്പി​ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. രാ​ത്രി സ​മ​യ​ത്തോ​ടെ അ​ങ്ങാ​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കു​ന്ന​തോ​ടെ ടൗ​ൺ​പാ​ടെ ഇ​രു​ട്ടി​ലാ​കു​ക​യാ​ണ്.