പേരാമ്പ്ര: പഞ്ചായത്ത് പ്രസിഡന്റ് ദീർഘകാല അവധിയിൽ പ്രവേശിച്ചതോടെ സിപിഎം ഹൈജാക്ക് ചെയ്ത ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം പൂർണമായ സ്തഭംനത്തിലാണെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി.
2021 - 22 വർഷത്തെ ഗ്രാമസഭ അംഗീകരിച്ച പദ്ധതികൾ മിക്കവയും മുടങ്ങിക്കിടക്കുകയാണ്. കൃഷിക്കാർക്കുള്ള വളം സബ്സിഡി, സുഫലം പദ്ധതി, തെങ്ങിൻതൈ ആനുകൂല്യം തുടങ്ങിയവയെല്ലാം മുടങ്ങി.
ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകേണ്ട ആട്ടിൻകുട്ടി, കാലിത്തൊഴുത്ത്, കിണർ, കമ്പോസ്റ്റ് എന്നിവയൊന്നും ഇതേ വരെ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച വെയ്സ്റ്റുകൾ പഞ്ചായത്ത് ഓഫീസിന് സമീപം കെട്ടിക്കിടന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അഗ്രോ സെന്റർ അഴിമതി ഉൾപ്പെടെ അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്രയാക്കിയ നേതൃത്വത്തിന്റെ കൈയ്യിലെ കളിപ്പാവ മാത്രമായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ യുഡിഎഫ് മെമ്പർമാർ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
ചെയർമാൻ പി.കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. കൺവീനർ വി.ബി. രാജേഷ്, എം.കെ. സുരേന്ദ്രൻ, കരീം കോച്ചേരി, എൻ.എം. കുഞ്ഞബ്ദുള്ള, എ.കെ. ഉമ്മർ, ആർ.പി. ശോഭിഷ്, എ. ബാലകൃഷ്ണൻ, പിലക്കാട്ട് ശങ്കരൻ, പട്ടയാട്ട് അബ്ദുള്ള, ഇ. രാജൻ നായർ, എം.വി. മുനീർ, എം.പി. കുഞ്ഞികൃഷ്ണൻ, അരവിന്ദാക്ഷൻ, നൗഫൽ എന്നിവർ സംബന്ധിച്ചു.