കൂരാച്ചുണ്ട്: വന്യ ജീവി സങ്കേത കേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വേണമെന്ന സുപ്രീം കോടതി ഉത്തരവിൽ പ്രതിഷേധിച്ചും മലയോര ജനതകളെ വഞ്ചിക്കുന്ന ഭരണകൂടങ്ങളുടെ അനീതിക്കുമെതിരെ യുവജന സംഘടനയായ കെസിവൈഎം താമരശേരി രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
ബഫർ സോൺ വിഷയത്തിൽ നിയമ ഭേദഗതി വരുത്താൻ സർക്കാർ തല ഇടപെടലുണ്ടാകും വരെ സമര പരമ്പരയുമായി മുന്നോട്ടുപോകുമെന്നും രാഷ്ട്രീയ പാർട്ടികളും സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകളും വ്യക്തമായ നയത്തോടെ ഇതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും രംഗത്തിറങ്ങണമെന്നും ഇതിനെ ഗൗരവകരമായി കാണണമെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത കെസിവൈഎംരൂപതാ ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാക്കുടിയിൽ പറഞ്ഞു.ഈ നാട്ടിലെ കർഷക സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ ഇവിടെ ചില അജണ്ടകൾ നടപ്പാക്കി ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലയോര ജനത നേരിടുന്ന ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ നമ്മുടെ കണ്ണിൽ പൊടിയിടുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത് .മാറി മാറി വരുന്ന ഭരണക്ഷികൾ കാട്ടിക്കൂട്ടിയ താന്തോന്നിത്തരത്തിന്റെ അനന്തരഫലമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ എകെസിസിരൂപതാ പ്രസിഡന്റ് ഡോ.ചാക്കോ കാളംപറമ്പിൽ പറഞ്ഞു.ഇടതു-വലതു വ്യത്യാസമില്ലാതെ നിയമസഭയിലും ലോകസഭയിലും മലയോര കർഷകന് വേണ്ടി ശബ്ദമുയർത്താൻ ജനപ്രതിനിധികൾ തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ വിരുദ്ധ വികാരം മലയോര മേഖലയിൽ ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വൈ.എം.രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റിച്ചാൾഡ് ജോൺ, സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, ഫാ. ജിത്തു കൊച്ചുകൈപ്പേൽ, ഫാ.നിർമ്മൽ പുലയൻപറമ്പിൽ,മേഖലാ പ്രസിഡന്റ് ജോയൽ ആന്റണി പുതിയകുന്നേൽ, സെക്രട്ടറി നിബിൻ ജോസ്, സംസ്ഥാന സെനെറ്റ് അംഗം അലീന മാത്യു എന്നിവർ പ്രസംഗിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ടീന ടോമി, ട്രഷറർ ഇമ്മാനുവേൽ വിൻസെന്റ്, മേഖലാ സമിതി അംഗങ്ങളായ ബിന്ധ്യ ബിന്നി, എബിൻ തോമസ്, അബിൻ ജോസ്, അലന്റ അബ്രഹാം, ലിയോ രാജു, ലിയോൺ മുണ്ടക്കപടവിൽ, അതുല്യ ബെന്നി, പ്രലിൻ പ്രകാശ് യൂണിറ്റ് സമിതി അംഗങ്ങളായ ലിന്റോ ജോസഫ്, ജിയോ ജേക്കബ്,ഇമ്മാനുവൽ ജോയ് എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ മാർച്ച് നടത്തി
കൂരാച്ചുണ്ട്: ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് കാറ്റുള്ളമല സെന്റ് മേരീസ് ഇടവക ഇൻഫാം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഇടവക വികാരി ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പേൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം യൂണിറ്റ് പ്രസിഡന്റ് സേവ്യർ കല്ലൂർ അധ്യക്ഷത വഹിച്ചു. ജിൻസ് മുറിഞ്ഞകല്ലേൽ എന്നിവർ പ്രസംഗിച്ചു.സണ്ണി കല്ലൂർ,ജോഷി മാളിയേക്കൽ, സജി വഴക്കമലയിൽ, സണ്ണി പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.