കണ്ണവം വനത്തിൽനിന്ന് കാട്ടാനകൾ ജനവാസ മേഖലയിലേക്ക്
1568288
Wednesday, June 18, 2025 4:30 AM IST
കുറ്റല്ലൂരിലും പറക്കാടും വ്യാപക കൃഷിനാശം
നാദാപുരം: വിലങ്ങാട് മലയോര മേഖലകളിൽ കാട്ടാനകൾ നാശം വിതയ്ക്കുന്നു. കണ്ണൂർ-കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശമായ കുറ്റല്ലൂർ, പറക്കാട് ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനവാസ മേഖലയിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്.
പ്രദേശത്തെ റബർ മരങ്ങൾ, പ്ലാവ്, തെങ്ങ്, കമുക്, വാഴ തുടങ്ങി എല്ലാം പിഴുതും കുത്തിയും മറിച്ചിടുകയാണ്. കുറ്റല്ലൂരിലെ ബാബൂട്ടിയുടെ ആറ് തെങ്ങുകളാണ് ആനകൾ കുത്തിമറിച്ചിട്ട് നശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് കുറ്റല്ലൂരിലെ കുങ്കന്റെ 23 തെങ്ങുകൾ ആന കുത്തിമറിച്ചിട്ടു. പറമ്പിലെ മറ്റു കൃഷികളും നശിപ്പിച്ചു.
കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം നേരിട്ട കർഷകർക്ക് കാട്ടുമൃഗങ്ങളുടെ അക്രമം കാരണം കൃഷി നാശവും സഹിക്കേണ്ട ദുർഗതിയാണ് ഉണ്ടായിരിക്കുന്നത്. കാട്ടുമൃഗങ്ങളുടെ സംഹാര താണ്ഡവത്തിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവരുന്നത് ഇവിടെയുള്ള കുടിയേറ്റ കർഷകർ കൂടിയാണ്. വനവാസി വിഭാഗത്തിൽപെട്ട നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവരുടെ ഉപജീവനമാർഗം കൃഷിയാണ്.
കണ്ണവം വനമേഖലയിൽ നിന്നാണ് കാട്ടാനക്കൂട്ടം എത്തുന്നത്. കാട്ടാന ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകളെ തിരികെ കാട്ടിലേക്ക് ഓടിച്ചു വിടാറുണ്ടെങ്കിലും അധികം വൈകാതെ ഇവ തിരികെ എത്തുന്ന സ്ഥിതിയാണ്. കാട്ടാനകളെ ഭയന്ന് കൃഷിഭൂമിയിൽപോയി നോക്കാൻ പോലും കർഷകർ തയാറാകാത്ത സ്ഥിതി നിലനിൽക്കുന്നുണ്ട്.
ഇവിടെ മുമ്പ് സ്ഥാപിച്ചിരുന്ന സോളാർ വേലി തകർന്നതോടെയാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായത്. കഴിഞ്ഞ വർഷം കാട്ടാന ശല്യം രൂക്ഷമായതോടെ ജില്ലാ കളക്ടർ വിലങ്ങാട് സന്ദർശിച്ചിരുന്നു. സോളാർ വേലി പുനർനിർമിക്കുമെന്ന് കളക്ടർ ജനങ്ങൾക്ക് ഉറപ്പ് നൽകിയെങ്കിലും നടപ്പായില്ല. കാട്ടാനകൾക്ക് പുറമെ കാട്ടുപോത്തുകൾ, കാട്ടുപന്നികൾ, കുരങ്ങുകൾ എന്നിവയും ജനവാസ കേന്ദ്രങ്ങളിൽ എത്തി കൃഷി നശിപ്പിക്കുന്നത് സ്ഥിതി രൂക്ഷമാക്കുകയാണ്.