എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു പദ്ധതി ഉദ്ഘാടനം ചെയ്തു
1565301
Friday, June 6, 2025 6:01 AM IST
മാനന്തവാടി: സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പാക്കുന്ന എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു പദ്ധതിയുടെ ലോഗോ പ്രകാശനം തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂളിൽ പ്രവേശനോത്സവ ചടങ്ങിൽ മാനേജർ ഫാ. ജയിംസ് പുത്തൻപറന്പിൽ നിർവഹിച്ചു.
ഏഴാം ക്ലാസ് പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളും ലേഖന, വായന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡ് അംഗം ജോസ് കൈനിക്കുന്നേൽ, ഹെഡ്മിസ്ട്രസ്സ് മേരി മാത്യു, പിടിഎ പ്രസിഡന്റ് സനീഷ് വർഗീസ് ചേരാടി, മദർ പിടിഎ പ്രസിഡന്റ് പി.സി. നിമിഷ, അധ്യാപകരായ ജോമോൻ കുര്യൻ, ജോമോൻ ജോർജ്, എൻ.ജെ. ജോഷി എന്നിവർ പ്രസംഗിച്ചു.
ആടിക്കൊല്ലി: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ആടിക്കൊല്ലി ദേവമാത എഎൽപി സ്കൂളിൽ ആരംഭിച്ച എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സുനിൽ വട്ടുകുന്നേലും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ഇ.എം. ആശയും നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ബാബു കണ്ടത്തിൻകര, അധ്യാപിക അനുമോൾ മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ജെ. ലിസി, സ്റ്റാഫ് സെക്രട്ടറി ജയേഷ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാഴവറ്റ: മാനന്തവാടി രൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ 2025-26ലെ എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു പ്രോജക്ടിന്റെ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾതല ഉദ്ഘാടനവും ലോഗോ പ്രകാശനവും മാനേജർ ഫാ. കുര്യാക്കോസ് കുന്നത്ത് നിർവഹിച്ചു. മുട്ടിൽ പഞ്ചായത്ത് അംഗം പി.ജി. സജീവ് അധ്യക്ഷത വഹിച്ചു.