ജനവാസ മേഖലയിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവച്ചുകൊല്ലണം: കോണ്ഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി
1565013
Thursday, June 5, 2025 6:12 AM IST
പുൽപ്പള്ളി: കർഷകരുടെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാൻ നടപടി വേണമെന്ന് കോണ്ഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കർഷകർ അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്പോൾ കർഷകരുടെ ജീവനോ സ്വത്തിനോ പുല്ലുവില കൽപ്പിക്കാത്ത വനം വകുപ്പും അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും തുടരുകയാണ്.
വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയുന്നതിന് ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നതിന് പകരം വനസംരക്ഷണത്തിന്റെ പേരിൽ ഭീമമായ തുക വനംവകുപ്പ് അന്യായമായി ചെലവിടുകയാണ്.
കർഷകരുടെയും പൊതുജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ മറ്റു നാടുകളിൽ നടപ്പാക്കിയ മാതൃകയിൽ വെടിവച്ചുകൊന്ന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെപിസിസി എക്സിക്യുട്ടീവ് അംഗം കെ.എൽ. പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, വി.എം. പൗലോസ്, ജിനി തോമസ്, പി.എൻ. ശിവൻ, കെ.എം. എൽദോസ്, എം.യു. ജോർജ് എന്നിവർ പ്രസംഗിച്ചു.