’ഓൾ ആർ ഗ്രേറ്റ്’ പദ്ധതി: തരിയോട് നിർമല ഹൈസ്കൂളിൽ എസ്എസ്എൽസി വിജയികളെ ആദരിച്ചു
1565011
Thursday, June 5, 2025 6:12 AM IST
തരിയോട്: ’ഓൾ ആർ ഗ്രേറ്റ്’ പദ്ധതിയുടെ ഭാഗമായി നിർമല ഹൈസ്കൂളിൽ എസ്എസ്എൽസി വിജയികളെ പിടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു. വിദ്യാർഥികൾക്ക് മധുരവും മെമന്റോയും നൽകി. ഇക്കഴിഞ്ഞ അധ്യയനവർഷം 319 വിദ്യാർഥികളാണ് സ്കൂളിൽ എസ്എസ്എൽസി എഴുതിയത്. എല്ലാവരും തുടർപഠനത്തിനു യോഗ്യത നേടി. 50 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
എല്ലാ വിദ്യാർഥികളും സവിശേഷ കഴിവും മികവും ഉള്ളവരാണെന്ന യാഥാർഥ്യത്തിൽ ഊന്നിയാണ് വിദ്യാലയത്തിൽ ’ഓൾ ആർ ഗ്രേറ്റ്’ പദ്ധതി നടപ്പാക്കിയത്. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. മെമന്റോ വിതരണം അദ്ദേഹം നിർവഹിച്ചു.
വാർഡ് അംഗം സിബിൾ എഡ്വേർഡ്, ഹെഡ്മാസ്റ്റർ ജോബി മാനുവൽ, പിടിഎ പ്രസിഡന്റ് ഡെൻസി ജോണ്, എംപിടിഎ പ്രസിഡന്റ് ദിവ്യ പ്രതീഷ്, ഷിജു മാതു, പി.ജി. ഷീബ, എൻ.കെ. ജോഷി, ജയ പി. മാത്യു, വിദ്യാർഥിനി ഫാത്തിമ ലുബാബ എന്നിവർ പ്രസംഗിച്ചു.