പച്ചക്കുടചൂടി മാനികാവ് എൻഎഎ യുപി സ്കൂൾ
1565007
Thursday, June 5, 2025 6:12 AM IST
കൽപ്പറ്റ: പച്ചക്കുടചൂടി ഒരു വിദ്യാലയം. മീനങ്ങാടിക്കടുത്ത് മാനികാവിലുള്ള എൻഎഎ യുപി സ്കൂൾ വളപ്പിലാണ് ഹരിതകാന്തി തിരതല്ലുന്നത്. നാലര ഏക്കർ വളപ്പിൽ വർഷങ്ങളായി തുടരുന്ന വൃക്ഷ-സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തെ പ്രകൃതിസ്നേഹികളുടെ ശ്രദ്ധാകേന്ദ്രമായി മാറ്റിയിരിക്കയാണ്. മാനികാവ് സ്കൂളിലെത്തുന്നവർക്ക് സ്വാഭാവിക വനത്തിലെത്തിയ പ്രതീതിയാണ് അനുഭവപ്പെടുക.
വിദ്യാലയവളപ്പിൽ കെട്ടിടങ്ങളും കളിസ്ഥലവും ഒഴികെ ഭാഗങ്ങൾ വൃക്ഷ-സസ്യ സന്പന്നമാണ്. മാവ്, പ്ലാവ്, അരയാൽ, വെണ്ടേക്ക്, കുമിഴ്, നീർമരുത്, മഴമരം, ഗുൽമോഹർ, പെരിവട്ട... ഇങ്ങനെ നീളുന്ന വൃക്ഷനിരയും ഔഷധ പ്രാധാന്യമുള്ളതടക്കം സസ്യങ്ങളും മുളങ്കൂട്ടങ്ങളും വിദ്യാലയവളപ്പിനെ ഹരിതസമൃദ്ധമാക്കുകയാണ്. സ്കൂൾ വളപ്പിൽ തലയെടുപ്പോടെ നിൽക്കുന്ന നാട്ടുമാവ് മനോഹര കാഴ്ചയാണ്.
വിദ്യാലയവളപ്പിനുചുറ്റും നട്ടുവളർത്തിയ മുളങ്കൂട്ടങ്ങൾക്കിടയിലൂടെ നിർമിച്ച നടപ്പാതയിൽ പ്രഭാത-സായാഹ്ന സവാരിക്ക് എത്തുന്നവർ നിരവധി. വൃക്ഷങ്ങളുടെ ഗാംഭീര്യം വർധിപ്പിക്കുന്ന സംരക്ഷണത്തറകളിൽ വിശ്രമിക്കാനെത്തുന്നവരും ധാരാളം. പട്ടികവർഗത്തിലെ കുണ്ടുവാടിയൻ വിഭാഗത്തിൽപ്പെട്ട പേ മുത്തൻ 1952ൽ ആരംഭിച്ചതാണ് മാനികാവിലെ വിദ്യാലയം. വർഷങ്ങൾക്കുശേഷം മാനികാവ് ദേവസ്വം ഏറ്റെടുത്ത വിദ്യാലയം 1957ലാണ് യുപിയായി ഉയർത്തിയത്. മാനികാവ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറാണ് സ്കൂൾ മാനേജർ.
1986 മുതൽ വിദ്യാലയത്തിൽ നടന്നുവരുന്നതാണ് ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ. നേച്ചർ ക്ലബിന്റെ നേതൃത്വത്തിലാണ് വൃക്ഷ-സസ്യത്തൈകൾ നടുന്നതും പരിപാലിക്കുന്നതും. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളാണ് പ്രധാനമായും നേച്ചർ ക്ലബുമായി സഹകരിക്കുന്നത്. അധ്യാപകൻ പി.എം. മധുവിനാണ് നിലവിൽ ക്ലബ് ചുമതല.
1998ലാണ് വിദ്യാലയത്തിന്റെ അതിരുകളിൽ മുളവത്കരണം ആരംഭിച്ചത്. പ്രധാനാധ്യാപകനായി വിരമിച്ച പി.വി. പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. 30ൽപരം ഇനം മുളകൾ വിദ്യാലയവളപ്പിലുണ്ട്. മുള്ളില്ലാ ഇനങ്ങളാണ് അധികവും. വിദ്യാലയവളപ്പിനു ചന്തം പകരാൻ ഈറ്റ, ഓട എന്നിവയും നട്ടുപരിപാലിക്കുന്നുണ്ട്. 2017ൽ അന്നത്തെ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസകിന്റെ സന്ദർശത്തിനു പിന്നാലെയാണ് വിദ്യാലയത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കി വൃക്ഷ-സസ്യ സംരക്ഷണം തുടങ്ങിയത്.
മാനികാവിലെ പരിസ്ഥിതി സംരക്ഷണ പരിപാടികൾ അക്കാലത്തെ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയനാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രത്യേകം എൻജിനിയറെ നിയോഗിച്ചാണ് സ്കൂൾ മാനേജ്മെന്റ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. മീനങ്ങാടി പഞ്ചായത്ത്, ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ നിലയം, സാമൂഹിക വനവത്കരണ വിഭാഗം, തണൽ എന്നിവയുടെ പിന്തുണ ജൈവവൈവിധ്യ പരിപോഷണത്തിൽ സ്കൂളിനു ലഭിക്കുന്നുണ്ട്.
കവയിത്രി സുഗതകുമാരിയുടെ ഓർമയ്ക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യും സെന്റർ ഫോർ ഇക്കോളജിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം(2021) മാനികാവ് സ്കൂളിനാണ് ലഭിച്ചത്. പരിസ്ഥിതി ദിനത്തിൽ വിദ്യാലയ വളപ്പിലും സ്കൂളിൽനിന്നു പാലക്കമൂലയിലേക്കുള്ള റോഡിന്റെ വശങ്ങളിലും പൂച്ചെടികളും ഫലവൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും തൈകളും നടുമെന്ന് സീനിയർ അസിസ്റ്റന്റ് ലവ്മോൻ പറഞ്ഞു.