സാമൂഹിക പ്രവർത്തകൻ കുഞ്ഞിമുഹമ്മദിനെ ആദരിച്ചു
1564812
Wednesday, June 4, 2025 6:35 AM IST
സുൽത്താൻ ബത്തേരി: ചേനാട് ഗവ.ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ സമൂഹിക പ്രവർത്തകൻ കുഞ്ഞിമുഹമ്മദിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മൂന്നര പതിറ്റാണ്ടായി നിർധന വിദ്യാർഥികൾക്ക് നൽകുന്ന സഹായം കണക്കിലെടുത്തായിരുന്നു ആദരം.
ഈ അധ്യയനവർഷം 100 കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ചെതലയം സ്വദേശിയായ കുഞ്ഞിമുഹമ്മദ് ലഭ്യമാക്കി. 1990 മുതൽ കുഞ്ഞിമുഹമ്മദ് നടത്തുന്നതാണ് പഠനോപകരണ വിതരണം. ആദ്യവർഷം ഒരു വിദ്യാർഥിയെയാണ് സഹായിച്ചത്.
പിന്നീട് സുമനസുകളുടെ സഹകരണത്തോടെയാണ് കൂടുതൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കിയത്.
കൂലിപ്പണിയെടുത്തുകിട്ടുന്ന പണത്തിൽനിന്നു മിച്ചംപിടിച്ചാണ് കുഞ്ഞിമുഹമ്മദ് സാമൂഹിക സേവനത്തിന് തുക കണ്ടെത്തുന്നത്.
ബാഗ്, കുട, നോട്ടുബുക്ക്, പേന, പെൻസിൽ എന്നിവയാണ് ഇത്തവണ കുട്ടികൾക്ക് നൽകിയത്.