വയനാട് ജില്ലാ വികസന കോണ്‍ക്ലേവ്
1568107
Tuesday, June 17, 2025 8:08 AM IST
കൽപ്പറ്റ: കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി ജില്ലയിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ അവതരിപ്പിക്കാൻ ജില്ലാതല വികസന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. സുൽത്താൻ ബത്തേരി ഹോട്ടൽ സപ്ത റിസോർട്ടിൽ ഇന്ന് രാവിലെ 9.30 മുതൽ ജില്ലാതല കോണ്‍ക്ലേവ് നടക്കും.
പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നടപ്പിലാവുന്ന വയനാട് പാക്കേജ്, ആസ്പിരേഷണൽ ജില്ലാ പദ്ധതി, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സാസ്കി, എംപി ലാഡ്സ്, എംഎൽഎ ലാഡ്സ്, സിഎസ്ആർ ഫണ്ട് എന്നിവ വിനിയോഗിച്ച് വിവിധ വികസന പദ്ധതികൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത എന്നിവ കോണ്‍ക്ലേവ് ചർച്ച ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, വകുപ്പ് മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവതരണം നടത്തും. ജില്ലയുടെ വികസന മുന്നേറ്റത്തിന് ഓരോ വകുപ്പുകളും അഞ്ച് പദ്ധതികൾ തയാറാക്കി വികസന കോണ്‍ക്ലേവിൽ അവതരിപ്പിക്കും.
പട്ടികവർഗ വിഭാഗക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കുന്ന ദർത്തി ആഭ ജൻ ജാതീയ ഗ്രാം ഉദ്കർഷ് അഭിയാൻ, പ്രധാൻ മന്ത്രി ജൻ ജാതി ആദിവാസി ന്യായ മഹാ അഭിയാൻ പദ്ധതികളും കോണ്‍ക്ലേവിൽ ചർച്ച ചെയ്യും.