കൽപ്പറ്റ: സംസ്ഥാനത്തു ഫലവർഗങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനു ആവിഷ്കരിച്ച ഒരു കോടി തൈ നടീൽ പദ്ധതിയിൽ ഒന്നാംഘട്ടം തൈ വിതരണം പരിസ്ഥിതി ദിനത്തിൽ ആരംഭിക്കും. രണ്ടാംഘട്ടം വിതരണം ജൂലൈ ആദ്യവാരം തുടങ്ങും. സെപ്റ്റംബറിൽ തൈ നടീൽ പൂർത്തിയാക്കും.
മാങ്ങ, ചക്ക, മാതളം, പാഷൻഫ്രൂട്ട്, പനീർ ചാന്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരങ്ങ, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കുടംപുളി, റന്പൂട്ടാൻ, കടച്ചക്ക, മാഗോസ്റ്റീൻ, ചാന്പക്ക, നേന്ത്രൻ, ഞാലിപ്പൂവൻ തുടങ്ങി 21 ഇനം ഫലവർഗങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനു ആവിഷ്കരിച്ചതാണ് പദ്ധതി. കൃഷി, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, വനം വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 23 കാർഷിക-പാരിസ്ഥിതിക പ്രദേശങ്ങളിലും ഭൂപ്രകൃതിക്കു യോജിച്ച തൈകളാണ് നട്ടുപരിപാലിക്കുക.
വീട്ടുവളപ്പുകൾ, പൊതുസ്ഥലങ്ങൾ, പാതയോരങ്ങൾ, സർക്കാർ കെട്ടിടവളപ്പുകൾ, സ്കൂൾവളപ്പുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധസംഘടനാപ്രവർത്തകർ എന്നിവരുടെയും സഹായത്തോടെയാണ് തൈകൾ നടുക.
കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകൾ, കാർഷിക കർമസേന, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്സിൽ കേരള, അഗ്രോ സർവീസ് സെന്റർ, കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്നതിൽ ഗ്രാഫ്റ്റ്, ലെയർ ടിഷ്യൂ കൾച്ചർ ഒഴികെ ഫലവൃക്ഷത്തൈകൾ സൗജന്യമായാണ് പദ്ധതിയിൽ വിതരണം ചെയ്യുന്നത്. ഗ്രാഫ്റ്റ്, ലെയർ ടിഷ്യൂ കൾച്ചർ തൈകൾക്കു വിലയുടെ 25 ശതമാനം ഈടാക്കും. കൃഷി വകുപ്പു നിശ്ചയിച്ച നിരക്കിൽ തൈകൾ വിതരണത്തിനു ശേഖരിക്കും. തൊഴിലുറപ്പു പദ്ധതിയിൽ ഉത്പാദിപ്പിക്കുന്ന തൈകളുടെ വിതരണം പൂർണമായും സൗജന്യമാണെങ്കിലും ഗുണഭോക്തൃകുടുംബം തൊഴിൽ കാർഡുള്ള പാർശ്വവത്കൃത വിഭാഗത്തിൽപ്പെട്ടതാകണം.
വനം വകുപ്പ് ഉത്പാദിപ്പിക്കുന്ന തൈകൾ സൗജന്യമായി ലഭ്യമാക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്പോൾ വിദ്യാർഥികൾക്കും യുവാക്കൾക്കും മുൻഗണന നൽകും.
ജില്ലാതലത്തിൽ ജില്ലാ കളക്ടർ അധ്യക്ഷനായി രൂപീകരിക്കുന്ന കമ്മിറ്റിക്കായിരിക്കും തൈവിതരണം, നടീൽ, പരിപാലനം എന്നിവയുടെ ഏകോപനച്ചുമതല. തദ്ദേശസ്ഥാപനങ്ങൾക്കാണ് തൈ വിതരണപ്പട്ടിക തയാറാക്കേണ്ട ഉത്തരവാദിത്തം. തദ്ദേശസ്ഥാപനതലത്തിലുള്ള കാർഷിക സമിതി തീരുമാനം അനുസരിച്ചായിരിക്കും പൊതു ഇടങ്ങളിൽ തൈ നടീൽ. പരിപാലനം തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ മുഖേന നടത്തും.
ഒന്നും രണ്ടും ഘട്ടങ്ങളിലെ തൈ വിതരണവും നടീലും സമയബന്ധിതമായി നടത്തിയെന്നു അതതു കാർഷിക വികസന സമിതികൾ ഉറപ്പുവരുത്തണം. ഓരോ ജില്ലയ്ക്കും അനുവദിക്കുന്ന തൈകൾ പ്രിൻസിപ്പൽ കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ എത്തിക്കണം. തദ്ദേശസ്ഥാപനത്തിൽനിന്നു ലഭിക്കുന്ന തൈകൾ കൃഷി ഓഫീസറുടെ ഉത്തരവാദിത്തത്തിലാണ് ഗുണഭോക്താക്കൾക്കു നൽകേണ്ടത്.