കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ മേപ്പാടി ഡിവിഷനിൽ പട്ടികവർഗക്കാരുടെ അങ്കം. ആദിവാസികളിലെ തച്ചനാടൻ വിഭാഗത്തിൽനിന്നുള്ള രണ്ടു പുരുഷൻമാരും പണിയ വിഭാഗത്തിൽനിന്നുള്ള സ്ത്രീയുമാണ് ജനവിധി തേടുന്നത്. തച്ചനാടൻ വിഭാഗത്തിൽനിന്നുള്ള സി. കൃഷ്ണൻ(മുസ്ലിംലീഗ്), സുബ്രഹ്മണ്യൻ വേങ്ങാച്ചോല(ബിജെപി), പണിയ സമുദായാംഗം സി. ബിന്ദു(സിപിഐ)എന്നിവരാണ് സ്ഥാനാർഥികൾ. ഇവരിൽ സുബ്രഹ്മണ്യനും കൃഷ്ണനും ബന്ധുക്കളാണെന്ന പ്രത്യേകതയും ഉണ്ട്. സുബ്രഹ്മണ്യന്റെ മാതൃസഹോദരന്റെ മകനാണ് കൃഷ്ണൻ. മൂന്നു പേരും ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
24 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ ചേരുന്നതാണ് മേപ്പാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ. മേപ്പാടി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 21, 22 ഒഴികെ വാർഡുകളും വൈത്തിരി പഞ്ചായത്തിലെ മൂന്നാം വാർഡും മൂപ്പൈനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 13, 14, 15, 16 വാർഡുകളും ഡിവിഷന്റെ ഭാഗമാണ്. 30,000നടുത്താണ് വോട്ടർമാരുടെ എണ്ണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിലെ(ഇപ്പോഴത്തെ എൽജെഡി)അനില തോമസാണ് ഡിവിഷനിൽ വിജയിച്ചത്. 613 വോട്ടായിരുന്നു ഭൂരിപക്ഷം. ബിജെപി 2354 വോട്ടുപിടിച്ചു.
കഴിഞ്ഞ് നാലു തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മേപ്പാടി ഡിവിഷനിൽ മത്സരിച്ചു തോറ്റതിന്റെ കയ്പ് ഇത്തവണ മാറുമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഡിവിഷനിലെ കർഷകരും തോട്ടം തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെ സമ്മതിദായകരെ കൂടെ നിർത്താൻ ആഞ്ഞുതുഴയുകയാണ് സിപിഐയും ഇടതുമുന്നണിയും. എന്നാൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ ഒപ്പംനിന്ന ഡിവിഷനിൽ ഇക്കുറിയും വിജയം സുനിശ്ചിതമാണെന്നു യുഡിഎഫും കരുതുന്നു. ഡിവിഷനിൽ നില മെച്ചപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. ഇടതു, വലതു മുന്നണികൾക്കും ബിജെപിയും ഡിവിഷനിലെ ആദിവാസി, തോട്ടം തൊഴിലാളി മേഖലകളിൽ സ്വാധീനമുണ്ട്.
മേപ്പാടി മുക്കിൽപീടിക കൈരളി കോളനിയിലെ താമസക്കാരനാണ് 46കാരനായ കൃഷ്ണൻ. പാരന്പര്യവൈദ്യനുമായ ഇദ്ദേഹം പ്രീഡിഗ്രി പൂർത്തിയാക്കിയതാണ്. അപ്രതീക്ഷിതമായാണ് മുസ്ലിം ലീഗ് ടിക്കറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായത്. പുത്തുമല ഏലവയൽ കോളനിയിലെ ഷാജിയുടെ ഭാര്യയാണ് 37കാരിയായ ബിന്ദു. പ്രീഡിഗ്രി പാസായ ഇവർ പുത്തുമല അങ്കണവാടിയിൽ താത്കാലിക വർക്കറായി പ്രവർത്തിച്ചിട്ടുണ്ട്. തൃക്കൈപ്പറ്റ മണിക്കുന്നുമല വേങ്ങാച്ചോല കുടുംബാംഗമാണ് സുബ്രഹ്മണ്യൻ. ബിജെപി ജില്ലാ കമ്മിറ്റിയംഗവും പട്ടികവർഗ മോർച്ച ജില്ലാ പ്രസിഡന്റുമാണ്. മേപ്പാടി കുന്നന്പറ്റയിൽ ആദിവാസി ഭൂസമരത്തിനു നേതൃത്വം നൽകിയിട്ടുണ്ട്.
ആദിവാസികളടക്കം ഡിവിഷനിലെ ജനവിവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന വാഗ്ദാനവുമായാണ് മൂന്നു സ്ഥാനാർഥികളും വോട്ടർമാരെ കാണുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടങ്ങളും കോട്ടങ്ങളുമെല്ലാം തെരഞ്ഞെടുപ്പിൽ വിഷയമാകുന്നുണ്ട്.