കൽപ്പറ്റ: അഴിമതി അന്വേഷിക്കുന്നതിൽ ധനമന്ത്രി ഡോ.തോമസ് ഐസക്കിന് അലർജിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. പൊഴുതനയിൽ യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ സി ആൻഡ് എജിയുടെയും വിജിലൻസിന്റെയും അന്വേഷണങ്ങളെ ധനമന്ത്രി എതിർക്കുകയാണ്. കഐസ്എഫ്ഇയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നന്നായി പ്രവർത്തിച്ച സ്ഥാപനമാണ് കഐസ്എഫ്ഇ.
സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുവരികകയാണ്. സ്പിംഗ്ക്ലെർ, ബെവ്കോ, മണൽക്കൊള്ള, ഇ മൊബിലിറ്റി എന്നിങ്ങനെ ഒരോ അഴിമതിയും പുറത്തുകൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രി കളിയാക്കുകയാണ് ചെയ്തത്.എന്നാൽ അതെല്ലാം ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിനും ഹവാല ഇടപാടിനും കൂട്ടുനിന്നു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണമല്ല ഇവിടെ നടക്കുന്നത്. അധോലോക സംഘങ്ങളുടെ ക്ഷേമത്തിലാണ് സർക്കാരിനു താത്പര്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാൻ പോകുകയാണ്.
അന്വേഷണത്തിനു കേന്ദ്ര ഏജൻസികളെ വിളിച്ചുകൊണ്ടുവന്നതും അനുകൂല സർട്ടിഫിക്കറ്റ് നൽകിയതും മുഖ്യമന്ത്രിയാണ്. സ്വർണക്കടത്തുകേസിൽ അന്വേഷണം എത്താൻ പോകുന്നത് മുഖ്യമന്ത്രിയിലേക്കാണ്. സിപിഎമ്മും എൽഡിഎഫും ഇപ്പോൾ ഭീതിയിലാണ്. അഴിമതികൾ മറച്ചുപിടിക്കാനാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുക്കുന്നത്. താൻ അഭ്യമന്ത്രിയായിരുന്ന കാലത്തെ ഫയലുകൾ മൊത്തം തപ്പിയിട്ടും ഒന്നും കിട്ടാതായപ്പോഴാണ് തന്റെ പേരിൽ അറിയാത്ത കാര്യത്തിനു കേസെടുത്തത്.
അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ കേസെടുത്താലും ആരെയും നിശബ്ദരാക്കാൻ സാധിക്കില്ല. ജനങ്ങൾ പകരം ചോദിക്കും. സംസ്ഥാനത്തു യുഡിഎഫ് അധികാരത്തിലെത്തിയാൽ അഴിമതിക്കാരെ മുഴുവൻ നിയമത്തിനുമുന്പിൽ കൊണ്ടുവരും.
എൽഡിഎഫിന്റെ നാലര വർഷത്തെ ഭരണം വയനാട്ടിലെ ജനങ്ങൾക്ക് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച വയനാട് പാക്കേജ് നടപ്പിലായില്ല. പ്രകൃതിദുരന്തമുണ്ടായ പ്രദേശങ്ങളിലെ ആളുകൾക്കുള്ള സഹായം ഇനിയും കൊടുത്തുതീർത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണംപോലും സഖാക്കൾ കൊണ്ടുപോയി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപി ചിത്രത്തിലില്ല.
കേരളത്തിൽ മണ്ണിൽ ക്ലച്ചുപിടിക്കില്ലെന്ന് ബിജെപിക്ക് മനസിലായി. മോഡി സർക്കാരിനെതിരെ തൊഴിലാളികളും കർഷകരും സമരരംഗത്താണ്. സംസ്ഥാനത്ത് യുഡിഎഫിനു അനുകൂലമാണ് രാഷ്ട്രീയ സാഹചര്യമെന്നും ചെന്നിത്തല പറഞ്ഞു.
കെ.വി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ഐ.സി. ബാലകൃഷ്ണൻ എംഎൽ എ, കെ.സി. റോസക്കുട്ടി, എൻ.ഡി. അപ്പച്ചൻ, പി.വി. ബാലചന്ദ്രൻ, കെ.എൽ. പൗലോസ്, പി.പി.എ. കരീം, കെ.കെ. ഏബ്രഹാം, ടി.ജെ. ഐസക്, പി.പി. ആലി, കെ.വി. പോക്കർഹാജി, എൻ.കെ. വർഗീസ്, പി.കെ. അനിൽകുമാർ, വി.എ. മജീദ്, സി. മൊയ്തീൻകുട്ടി, ഗോകുൽദാസ് കോട്ടയിൽ, ബിനു തോമസ്, സാലി റാട്ടക്കൊല്ലി, ശോഭനകുമാരി, സി.പി. പുഷ്പലത എന്നിവർ പ്രസംഗിച്ചു. കൽപ്പറ്റ, വെള്ളമുണ്ട, മാനന്തവാടി, നടവയൽ, ബത്തേരി എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ ചെന്നിത്തല പ്രസംഗിച്ചു.