കുളത്തിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
1567677
Monday, June 16, 2025 2:10 AM IST
കണ്ണൂർ: സഹോദരനും സുഹൃത്തുകൾക്കുമൊപ്പം കുളത്തിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മാട്ടൂൽ സെൻട്രൽ ആറ്തെങ്ങ് കടവ് സ്വദേശിയായ കെ.കെ.ടി. ഇസ്മയിലാണ് (21) മരിച്ചത്. ഇന്നലെ രാവിലെ അഴീക്കോട് ആനിവയൽ കുളത്തിൽ ഒരു കരയിൽനിന്നും നീന്തി മറുഭാഗത്ത് എത്തി തിരികെ നീന്തുന്നതിനിടെ ഇസ്മയിൽ മുങ്ങിപ്പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
ഉടൻ സുഹൃത്തുക്കളും പ്രദേശവാസികളും തെരച്ചിൽ നടത്തിയെങ്കിലും ഇസ്മയിലിനെ കണ്ടെത്താനായില്ല. തുടർന്ന്, വളപട്ടണം പോലീസും കണ്ണൂരിൽ നിന്നുള്ള ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഉച്ചയോടെ തലശേരിയിൽ നിന്നും ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിംഗ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷമീൽ-ഷാലിമ ദന്പതികളുടെ മകനാണ് മരിച്ച ഇസ്മയിൽ. സഹോദരങ്ങൾ: ഇബ്രാഹിം, ഹാജറ, മറിയം, അബ്ദുറഹ്മാൻ,അബ്ദുള്ള. ഇസ്മയിലിന്റെ സംസ്കാരം ഇന്ന് ഉച്ചയക്ക് 12ന് മാട്ടൂൽ സെൻട്രൽ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.