പെരിയ: ഉദ്ഘാടനത്തിനൊരുങ്ങി കേരള കേന്ദ്രസര്‍വകലാശാലയുടെ ആദ്യത്തെ സ്വന്തം അതിഥി മന്ദിരം. നീലഗിരിയെന്ന് പേരിട്ട മന്ദിരം മാര്‍ച്ച് രണ്ടിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം നിര്‍വഹിക്കും. വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്, വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രണ്ട് നിലകളിലായി 25,500 സ്ക്വയര്‍ ഫീറ്റിലാണ് നീലഗിരി പൂര്‍ത്തിയായിരിക്കുന്നത്. നാല് വിഐപി സ്യൂട്ട് റൂം, 21 എസി റൂം, ഓഫീസ്, രണ്ട് ഡോര്‍മിറ്ററികള്‍, 50 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മന്ദിരം. 10.13 കോടി രൂപയാണ് പദ്ധതി ചെലവ്.
സ്വന്തം അതിഥി മന്ദിരമെന്ന സര്‍വകലാശാലയുടെ ഏറെക്കാലത്തെ സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. 2019 ഏപ്രിലിലാണ് നിര്‍മാണം ആരംഭിച്ചത്. നിലവില്‍ കാഞ്ഞങ്ങാട് വാടക കെട്ടിടത്തിലാണ് അതിഥി മന്ദിരം പ്രവര്‍ത്തിക്കുന്നത്. സ്വന്തം അതിഥി മന്ദിരം പൂര്‍ത്തിയായതിനാല്‍ ഇനി എക്സിക്യുട്ടീവ് കമ്മിറ്റി യോഗവും സെമിനാറുകളും ഉള്‍പ്പെടെ ഇവിടെ നടത്താന്‍ സാധിക്കും.
മറ്റു നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും സര്‍വകലാശാലയില്‍ നടന്നുവരികയാണ്. സെന്‍ട്രല്‍ ലൈബ്രറി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഹെല്‍ത്ത് സെന്റര്‍, സോളാര്‍ പ്ലാന്റ്, ക്വാര്‍ട്ടേഴ്സുകള്‍, വിദ്യാർഥികള്‍ക്കായുള്ള പൊതു അടുക്കള തുടങ്ങിയവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ്, കേന്ദ്ര ന്യൂനപക്ഷ വകുപ്പ് എന്നിവയുടെ സഹായത്തോടെ നിര്‍മിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴ് ഹോസ്റ്റലുകള്‍ വിവിധ ഘട്ടങ്ങളിലാണ്. കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി 50 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് കോംപ്ലക്സും നിര്‍മിക്കും. കരിച്ചേരി പുഴയില്‍നിന്ന് സര്‍വകലാശാലയിലേക്ക് ജലമെത്തിക്കുന്ന വാട്ടര്‍ സപ്ലൈ സ്കീം അവസാന ഘട്ടത്തിലാണ്. ഇതിനായുള്ള പത്തു ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാന്‍ കഴിയുന്ന ജലസംഭരണിയും പൂര്‍ത്തിയായി.