സർക്കാർ വീട് പണിതു നല്കിയത് കുന്നിൻചെരിവിൽ; ഇപ്പോൾ ഒഴിയാൻ നോട്ടീസ്
1570537
Thursday, June 26, 2025 8:52 AM IST
ബോവിക്കാനം: 15 വർഷം മുമ്പ് ഇഎംഎസ് ഭവനപദ്ധതിയിൽ നിർമിച്ചുനല്കിയ വീടുകൾ കുന്നിൻചെരിവിലായതിനാൽ അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി താമസക്കാർക്ക് ഒഴിയാൻ നോട്ടീസ്. മുളിയാർ ജംബ ഇഎംഎസ് ഹൗസിംഗ് കോളനിയിലെ ഒൻപത് കുടുംബങ്ങൾക്കാണ് വില്ലേജ് ഓഫീസർ നോട്ടീസ് നല്കിയത്. തണൽ ബഡ്സ് സ്കൂളിൽ ഒരുക്കിയിട്ടുള്ള താത്കാലിക ക്യാമ്പിലേക്ക് മാറണമെന്നാണ് നിർദേശം.
നഫീസ, റസാഖ്, സുബൈദ, ആദം, ഹഫ്സ, ബീഫാത്തിമ, ഷെറിഫ്, യൂസഫ് എന്നിവരുടെ കുടുംബങ്ങളാണ് ഇപ്പോൾ ഇവിടെ കഴിയുന്നത്. സ്വന്തമായി വീടില്ലാതിരുന്ന കുടുംബങ്ങൾക്ക് സർക്കാർ സൗജന്യമായാണ് ഇഎംഎസ് ഭവനപദ്ധതിയിൽ വീട് നിർമിച്ചുനല്കിയത്. മറ്റു വഴികളില്ലാതിരുന്നതിനാലാണ് ചെങ്കുത്തായ കുന്നിൻചെരിവിലായിട്ടും ഇവർ ഇവിടെ താമസിക്കാനെത്തിയത്.
ആദ്യകാലങ്ങളിൽ കുട്ടികൾ വീടിനു പുറത്തിറങ്ങി കളിച്ചാൽപോലും കാലുതെറ്റി താഴേക്ക് വീഴാവുന്ന അവസ്ഥയായിരുന്നുവെന്ന് ഇവർ പറയുന്നു. മിക്കവരും വീടുകൾ സ്വന്തം ചെലവിൽ നവീകരിക്കുകയും ചെങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി കെട്ടി വീടിനു ചുറ്റും മണ്ണിട്ടുയർത്തി നിരപ്പാക്കുകയും ചെയ്തിരുന്നു. ചുറ്റുപാടും കാർഷികവിളകൾ നട്ടുവളർത്തുകയും ചെയ്തു.
എന്നാൽ പലപ്പോഴും കനത്ത മഴയിൽ സംരക്ഷണഭിത്തികൾ തകർന്ന് മണ്ണ് താഴേക്ക് കുത്തിയൊഴുകി. ഏതാനും വീടുകളുടെ അടിത്തറ പോലും പുറത്ത് കാണാവുന്ന നിലയിലായി. ഇതോടെയാണ് റവന്യൂ അധികൃതർ സ്ഥലത്തെത്തി ഈ വീടുകൾ താമസിക്കാൻ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നല്കിയത്.
പക്ഷേ സാധനങ്ങളെല്ലാമെടുത്ത് വീടുകൾ ഒഴിഞ്ഞാൽ ദീർഘകാലം ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കാനാകാത്തതിനാൽ പിന്നീട് ഇവർ എങ്ങോട്ട് പോകുമെന്ന കാര്യത്തിൽ ഒരു ധാരണയുമില്ല.