വന്ദനാദാസ് കേസ്: പ്രതിഭാഗത്തിന് പുതിയ അഭിഭാഷകനെ കണ്ടെത്താൻ അനുമതി
1549446
Saturday, May 10, 2025 6:13 AM IST
കൊല്ലം: ഡോ.വന്ദനദാസ് കൊലപാതകക്കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്ന ബി.എ. ആളൂര്‍ മരിച്ച സാഹചര്യത്തില്‍ പുതിയ അഭിഭാഷകനെ കണ്ടെത്തുന്നതിനായി കോടതി സമയം അനുവദിച്ചു.
കഴിഞ്ഞ മാസം 30നാണ് വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ആളൂര്‍ മരിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കേസില്‍ പ്രതിഭാഗം സഹായിയായി എത്തിയിരുന്ന മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിനെ ഏപ്രില്‍ 13ന് തൂങ്ങിമരിച്ച നിലയില്‍ കൊല്ലത്ത് കണ്ടെത്തിയിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ തുടര്‍ച്ചയായ മരണം കേസിന്റെ തുടര്‍നടപടികള്‍ വൈകാനും കാരണമാകും.
അതേസമയം ഡോ. വന്ദനദാസ് കേസിലെ ഒന്നാം സാക്ഷിയായ ഡോ. മുഹമ്മദ് ഷിബിന്റെ ക്രോസ് വിസ്താരം കോടതിയില്‍ തുടരുകയാണ്. പ്രതി ഡോ.വന്ദനയെ ആക്രമിച്ചത് സ്വയം രക്ഷയ്ക്ക് വേണ്ടിയാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു.
കൂടാതെ ഡോ.വന്ദനയെ കുത്തിയത് കോടതിയില്‍ ഹാജരാക്കിയിട്ടുള്ള കത്രിക ഉപയോഗിച്ചല്ലെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ വാദമുയര്‍ത്തി. എന്നാല്‍ സംഭവത്തില്‍ താന്‍ ദൃക്സാക്ഷിയാണെന്നുള്ള മൊഴിയില്‍ ഉറച്ചുനിന്ന ഒന്നാംസാക്ഷി പ്രതിഭാഗത്തിന്റെ വാദങ്ങള്‍ എല്ലാം കഴിഞ്ഞ വിസ്താര വേളയില്‍ നിഷേധിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
2023 മേയ് 10ന് രാത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ചപ്പോഴാണ് പ്രതി സന്ദീപ് ഡ്യൂട്ടി ഡോക്ടറായിരുന്ന വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.