എം-സാന്റ് വില്പനകേന്ദ്രത്തിലെ പൊടിശല്യം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1549461
Saturday, May 10, 2025 6:24 AM IST
കൊല്ലം: ഇരവിപുരം ആലുമൂട്ടിൽ പ്രവർത്തിക്കുന്ന പാറപ്പൊടി, എം-സാന്റ് വിൽല്പന കേന്ദ്രത്തിൽ നിന്നും അസഹ്യമായ പൊടി, ശബ്ദ ശല്യമുണ്ടാകുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലപരിശോധന നടത്തി വസ്തുതാ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ഉത്തരവിട്ടു.
മലിനീകരണ നിയന്ത്രണ ബോർഡ് (കൊല്ലം) എൻവയോൺമെന്റൽ എൻജിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. അസഹ്യമായ പൊടിശല്യം കാരണം സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് ആലുമ്മൂട് സ്വദേശി എസ്.രാധാകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വില്പനകേന്ദ്രം ഉടമയിൽ നിന്നും 7400 രൂപ പിഴ ഈടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ച് ആറിന് ജില്ലാ ഓഫീസിൽ നടത്തിയ തെളിവെടുപ്പിൽ പരാതിക്കാരൻ എതിർകക്ഷിക്കെതിരെയുള്ള പരാതിയിൽ രേഖാമൂലം വിശദീകരണം സമർപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് വില്പനകേന്ദ്രം അധികൃതർ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. തുടർന്ന് 2024 മാർച്ച് 18ന് എതിർകക്ഷിക്ക് ഡീലേഴ്സ് ലൈസൻസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ടിലെ വസ്തുതകൾ തെറ്റാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. അസഹ്യമായ പൊടിശല്യം പരാതിക്കാരനും കുടുംബത്തിനും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതിക്കാരൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കുടുതൽ അന്വേഷണങ്ങൾക്ക് കമ്മീഷൻ ഉത്തരവിട്ടത്.