ശാസ്താംകോട്ട തടാകതീരത്തെ മുളകള്‍ മുറിച്ചുകടത്താന്‍ നീക്കം
1549453
Saturday, May 10, 2025 6:24 AM IST
കൊല്ലം: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷ മറവില്‍ ശാസ്താംകോട്ട തടാകതീരത്തെ മുളകള്‍ മുറിച്ചു കടത്താന്‍ നീക്കം. സംഭവവുമായി ബന്ധപ്പെട്ട് ഏഴു യുവാക്കളെ ശാസ്താംകോട്ട പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസ് ജംഗ്ഷന് ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ 11നായിരുന്നു സംഭവം.
മുളകള്‍ കൂട്ടത്തോടെ മുറിച്ച് 10 അടി നീളത്തില്‍ അടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കോൺഗ്രസ് പ്രവർത്തകരാണ് വിവരം പോലീസിൽ അറിയിച്ചത്. റോഡ്സ് വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ച് കൊല്ലത്ത് നടക്കുന്ന സര്‍ക്കാര്‍ വാര്ഷികത്തിനായാണ് മുള മുറിക്കുന്നതെന്നാണ് യുവാക്കള്‍ പറഞ്ഞത്.
എന്നാല്‍, മുള മുറിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയതായി അറിയില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഹരിത കേരളം മിഷൻ വാര്‍ഷികാഘോഷ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് സ്റ്റാള്‍ കെട്ടാനും അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടിയാണ് മുളകള്‍ മുറിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
മുളകള്‍ മുറിച്ചു മാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് ഇ മെയില്‍ വഴി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ റോഡ്സ് വിഭാഗം തീരുമാനം എടുക്കുന്നതിന് മുന്‍പേ മരങ്ങള്‍ മുറിച്ചു മാറ്റുകയായിരുന്നു. തടാകത്തിന്റെ സംരക്ഷണവും വനവൽകരണ ഭാഗവുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് നട്ടുപിടിപ്പിച്ച മുളകളാണ് വെട്ടി മാറ്റിയത്. വാട്ടര്‍ അഥോറിറ്റിക്ക് തെക്കുവശം പമ്പ് ഹൗസിനു സമീപം കായലിനോടും റോഡിനോടും ചേര്‍ന്ന് അഗാധമായ ഗര്‍ത്തമായിരുന്നു.
നിരന്തര ആവശ്യത്തെ തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റി ഇവിടെ സംരക്ഷണ ഭിത്തി കെട്ടുകയും നാട്ടുകാരും തടാക സംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്ന് പണം ചെലവഴിച്ച് മണ്ണ് നിറയ്ക്കുകയും മരങ്ങള്‍ വച്ച് പിടിപ്പിക്കുകയുമായിരുന്നു. തടാകത്തിന്റെ നിലനില്‍പ്പിന് ദോഷകരമായ അക്കേഷ്യ മരങ്ങള്‍ മുറിച്ചു മാറ്റിയ ശേഷമാണ് മുളകള്‍ നട്ടുപിടിപ്പിച്ചത്.