മലയോര ഹൈവേയിൽ അപകടക്കെണി
1549460
Saturday, May 10, 2025 6:24 AM IST
കുളത്തൂപ്പുഴ : അന്തർ സംസ്ഥാന മലയോര ഹൈവേയിൽ കുടിവെള്ള വിതരണ പൈപ്പിലെ അറ്റകുറ്റപ്പണിക്കായി വാട്ടർ അഥോറിറ്റി ആഴത്തിൽ എടുത്ത കുഴി മൂടാതെ ഇട്ടിരിക്കുന്നതിനാൽ വാഹന യാത്രികർക്കും കാൽനട യാത്രികർക്കും അപകട ഭീഷണിയായി. അമ്പലക്കടവ് ക്ഷേത്രത്തിനു സമീപമാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി പൊയ്ക്കൊണ്ടിരുന്നത്.
കരാർ ജീവനക്കാർ പാതയോരം കുഴിച്ച് കുടിവെള്ള പൈപ്പിലെ വാൽവുകളുടെ തകരാർ പരിഹരിച്ചെങ്കിലും കുഴി മണ്ണിട്ട് മൂടാതെ പോയി .നല്ല താഴ്ചയിലും വിസ്താരത്തിലും എടുത്ത കുഴി മൂടാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തയാറാകാത്തതാണ് മലയോര ഹൈവേയിൽ കാൽനടയാത്രക്കാർക്ക് അപകടങ്ങൾ വരുത്തുന്നത്.
റോഡിലേക്ക് കോരി ഇട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാനോ അപകടസൂചന ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല .വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് ഈ അപകട കെണി അറിയാൻ കഴിയുന്നത് .രാത്രി സമയങ്ങളിൽ നല്ല വേഗതയിൽ എത്തുന്ന വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കുഴിയിൽ പതിക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ട് പോകുന്ന കാഴ്ചകൾ ഒട്ടേറെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കാൽനട യാത്രക്കാർക്കും കുഴി അപകട ഭീഷണിയായിട്ടുണ്ട്.മലയോര ഹൈവേ സുരക്ഷ അഥോറിറ്റി അടക്കം ഈ അപകടാവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.