അഷ്ടമുടിക്കായലില്‍ മണ്ണെടുത്ത ഭാഗം ചെളിക്കുളമായി
1568338
Wednesday, June 18, 2025 5:48 AM IST
കൊല്ലം: ദേശീയപാത നിര്‍മാണ ആവശ്യത്തിനായി അഷ്ടമുടിക്കായലില്‍ നിന്നു മണ്ണെടുത്ത ഭാഗം ചെളിക്കുണ്ടായി മാറി. സമീപത്തെ റോഡിലൂടെ കാല്‍നട യാത്ര പോലും ദുഷ്കരമായതിനാൽ പ്രദേശവാസികള്‍ ദുരിതത്തിലാണ്. കാവനാട് കുരീപ്പുഴ പാലത്തിനു താഴെ മാലിന്യ കൂമ്പാരമായതോടെയാണു പാലത്തിന്റെ പാര്‍ശ്വ ഭാഗത്തുള്ള പാത ചെളിക്കുളമായതെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.
ദേശീയ പാത നിര്‍മാണത്തിന് കായലില്‍ നിന്നു മണ്ണ് ഡ്രഡ്ജ് ചെയ്തെടുത്തപ്പോള്‍ ഇതിന്റെ അവശിഷ്ടവും കോണ്‍ക്രീറ്റ് പാളികളും വീണു തൂണുകള്‍ക്കിടയില്‍ കായല്‍ നികന്നു. അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ വള്ളം കെട്ടിയിട്ടിരുന്നത് ഇവിടെയാണ്.
മാലിന്യവും മണ്ണും നിറഞ്ഞതോടെ വള്ളം അടുപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിയെന്ന് തൊഴിലാളികൾ പറയുന്നു. കെട്ടിയിട്ടിരുന്ന വള്ളം പോലും ഇവിടെ നിന്നു മാറ്റാനായില്ല. കായല്‍ നികന്നതോടെ മാലിന്യങ്ങൾ മുഴുവന്‍ ഇവിടെയാണ് അടിഞ്ഞ് കൂമ്പാരമാകുന്നത്. ഇതിനപ്പുറത്ത് അറവു മാലിന്യവും മറ്റും പിക്കപ്പ് ഓട്ടോറിക്ഷയിലും ഇതര വാഹനങ്ങളിലും കൊണ്ടുവന്നു ഇരുട്ടിന്റെ മറവിൽ പാലത്തില്‍ നിന്നു കായലിലേക്കു തള്ളുകയാണ്.
ഇവ ചീഞ്ഞഴുകി അസഹ്യമായ ദുര്‍ഗന്ധമാണ് ഉയരുന്നത്. ഇവിടം തെരുവു നായ്ക്കളുടെ താവളമായി മാറിക്കഴിഞ്ഞു. രാപകൽ വ്യത്യാസമില്ലാതെ നായ്ക്കൾ ഇവിടെ കേന്ദ്രീകരിക്കുന്നത് സമീപവാസികള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്.
പാലത്തിന്റെ അടിയിലുള്ള സ്ഥലത്ത് ദേശീയപാത നിര്‍മാണത്തിനുള്ള റീ ഇന്‍ഫോഴ്സ്ഡ് എര്‍ത്ത് (ആര്‍ഇ) പാനലും മറ്റും നിര്‍മിക്കുന്നുണ്ട്. ലോറി, ക്രെയിന്‍ തുടങ്ങിയവ ചെമ്മണ് പാതയിലൂടെയാണ് പാലത്തിന്റെഅടിയിലുള്ള നിര്‍മാണ സ്ഥലത്തേക്കു പോകുന്നത്.
വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന ചെമ്മണ്‍പാത ഇപ്പോൾ കാല്‍നട യാത്ര പോലും സാധ്യമല്ലാത്ത വിധത്തില്‍ ചെളിക്കളമായി മാറി. കുട്ടികള്‍ക്ക് സ്കൂളുകളിൽ പോകാന്‍ പോലും കഴിയുന്നില്ല. റോഡിന്റെ ദുരവസ്ഥ കാരണം സമീപത്തെ ട്യൂഷന് സെന്റര്‍ താത്ക്കാലികമായി അടച്ചു. കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ ഇതുവഴി പോകാന്‍ ശ്രമിച്ചവര്‍ തെന്നിവീണു പരുക്കേറ്റ സംഭവം വരെ ഉണ്ടായി.
മഴ കനത്തതോടെയാണ് റോഡ് കൂടുതല്‍ ദുരിതത്തിലായത്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കരാര്‍ സ്ഥാപനത്തിന്റെ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം തടയുകയുണ്ടായി. പാലത്തിന്റെ അടിയില്‍ മണ്ണിട്ടു നികത്തിയ സ്ഥലം ഡ്രഡ്ജ് ചെയ്തു പൂര്‍വ സ്ഥിതിയിലാക്കണമെന്നാണ് പ്രദേശവാസികൾ അടക്കമുള്ളവരുടെ പ്രധാന ആവശ്യം.