കോന്നി: ഗ്രാമപഞ്ചായത്തിൽ ഭരണത്തുടർച്ചക്കായി മത്സരത്തിനിറങ്ങിയ യുഡിഎഫ് വിമതരുടെ പോരിൽ ആടിയുലയുന്പോൾ, മറുപക്ഷത്തും അടിയൊഴുക്കുകൾക്കു കുറവില്ല. പാർട്ടി നേതൃത്വങ്ങളുടെ നിലപാടുകളെ വെല്ലുവിളിച്ച് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ പല വാർഡുകളിലും വിമതർ ശക്തമായ പോരാട്ടത്തിലാണ്. 18 വാർഡുകളുള്ള കോന്നിയിൽ കഴിഞ്ഞ തവണ യുഡിഎഫ് 12 സീറ്റുകളിലും എൽഡിഎഫ് ആറ് സീറ്റുകളിലും വിജയിച്ചിരുന്നു. ഇരുമുന്നണികളും മാറിമാറി ഭരിച്ച പാരന്പര്യം കോന്നിക്കുണ്ടെങ്കിലും നിലവിലെ ഭരണസമിതിയുടെ പിൻബലത്തിൽ യുഡിഎഫിനുണ്ടായിരുന്ന സ്വാധീനം വിമതരും സ്വതന്ത്രരും ചേർന്ന് തല്ലിക്കെടുത്തുമോയെന്നതാണ് ആശങ്ക. മറുപക്ഷത്തും സ്ഥിതി അത്രകണ്ടു മെച്ചമല്ലെന്നതാണ് ആശ്വാസം. ബിജെപി സ്ഥാനാർഥികൾ ചില വാർഡുകളിൽ ഉയർത്തുന്ന വെല്ലുവിളിയും കണ്ടില്ലെന്നു നടക്കാനാകില്ല.
അഞ്ച് വാർഡുകളിൽ യുഡിഎഫ് വിമതർ ശക്തമായി രംഗത്തുണ്ട്. രണ്ടാം വാർഡിൽ കോണ്‍ഗ്രസിന്റെ മുൻ ഗ്രാമപഞ്ചായത്തംഗങ്ങളാണ് ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് കുത്തകയായ ഈ വാർഡിൽ മുൻ ഗ്രാമപഞ്ചായത്തംഗവും ഒൗദ്യോഗിക സ്ഥാനാർഥിയുമായ തോമസ് കാലായിലിനു റിബലായി മഹിളാ കോണ്‍ഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്തംഗവുമായ ഷീജ ഏബ്രഹാം മൽസരിക്കുന്നു. മൂന്നാം വാർഡിൽ കോണ്‍ഗ്രസ് സ്ഥാനാർഥി എലിസബത്ത് ചെറിയാനെതിരെ സിജി സാബു സ്വതന്ത്രവേഷത്തിൽ മത്സരിക്കുന്നു.
അഞ്ചാം വാർഡിൽ കോണ്‍ഗ്രസ് സ്ഥാനാർഥി പി.വി.ജോസഫിനെതിരെ കോണ്‍ഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്തംഗവുമായ റോജി ബേബിയും മത്സര രംഗത്തുണ്ട്. ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സുജ ഈപ്പനെതിരെ കേരള കോണ്‍ഗ്രസിലെ മുൻ പഞ്ചായത്തംഗം സിനി തോമസും മത്സരിക്കുന്നു. 12-ാം വാർഡിൽ കോണ്‍ഗ്രസ് ഒൗദ്യോഗിക സ്ഥാനാർഥി റോജി ഏബ്രഹാമിനെതിരെ കോണ്‍ഗ്രസ് മുൻ വാർഡ് പ്രസിഡന്റ് കെ.സി.നായരും മത്സര രംഗത്തുണ്ട്.
സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പൂർണമായി പരിഹരിക്കാത്തതാണ് സിപിഎമ്മിനു തലവേദനയായത്. 15, 16, 17, 18 വാർഡുകളിലാണ് തർക്കമുണ്ടായത്. മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചിട്ടും 16, 17 വാർഡുകളിലെ മുൻ മെംബർമാർക്ക് സീറ്റ് നിഷേധിച്ചതും 15 -ൽ റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥനായ ഇടത് പ്രവർത്തകനു സീറ്റ് നൽകാതിരുന്നതും ഒരു വിഭാഗം പാർട്ടി അണികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. 17 ലെ മുൻ മെംബർ ഗീതയ്ക്കും 16-ൽ മെംബർ എം. ഒ. ലൈലയ്ക്കുമാണ് സീറ്റ് നിഷേധിച്ചതായി ആക്ഷേപമുണ്ടായത്.
ഒന്ന്, നാല്, എട്ട്, 10, 11, 15, 17 വാർഡുകളിൽ കോണ്‍ഗ്രസ്, സിപിഎം, ബിജെപി സ്ഥാനാർഥികൾ നേരിട്ട് ഏറ്റുമുട്ടുകയാണ്. 6, 13, 18 വാർഡുകളിൽ സിപിഎം സ്വതന്ത്രരാണ് മത്സരിക്കുന്നത്. ക്രഷറുകളും പാറമടകളും ഏറെയുള്ള ഏഴാം വാർഡിലാണ് ഏറ്റവുമധികം സ്ഥാനാർഥികൾ.
കോന്നി ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ
വാർഡ് ഒന്ന്: ദീനാമ്മ റോയി (കോണ്‍), രാജശേഖരൻ നായർ (സിപിഎം), സി.എസ്. രാജശേഖരൻപിള്ള (ബിജെപി),
രണ്ട്: തോമസ് കാലായിൽ (കോണ്‍), ദിലീപ് കുമാർ എം.പി. (ബിജെപി), ടി.പി. ജോഷ്വാ (സിപിഐ), ഷീജ ഏബ്രഹാം (സ്വത).
മൂന്ന്: ആനന്ദവല്ലി (സ്വത), എലിസബത്ത് ചെറിയാൻ (കോണ്‍), ജോയിസ് ഏബ്രഹാം (സിപിഐ), സിജി സാബു (സ്വത).
നാല്: തുളസിമോഹൻ (സിപിഎം), എം. ശ്രീജ (ബിജെപി), ജി. ഷീജ (കോണ്‍).
അഞ്ച്: പി.വി. ജോസഫ് (കോണ്‍), ബെന്നി വർഗീസ് (സിപിഐ), റോജി ബേബി (സ്വത), കെ.ആർ. വത്സലൻ (ബിജെപി).
ആറ്: രഞ്ജു ആർ (കോണ്‍), ശ്യാമ സുമേഷ് (എൽഡിഎഫ്), സരിത (ബിജെപി).
ഏഴ്: അമല സി. ഗോപാൽ (സ്വത), കെ.എൽ. സുലേഖ (ബിജെപി), പുഷ്പ ഉത്തമൻ (സ്വത), റോസമ്മ വർഗീസ് (സ്വത), സിനി തോമസ് (സ്വത), സുജ ഈപ്പൻ (കേരള കോണ്‍ഗ്രസ് ജോസഫ്).
എട്ട്: അജിത ഹരി (ബിജെപി), മഞ്ജു ടീച്ചർ (സിപിഎം), ലിസിയാമ്മ ജോഷ്വ (കോണ്‍).
ഒന്‍പത്: ആൻസിദാസ് (കോണ്‍), ഏലിയാമ്മ വർഗീസ് (സ്വത), ജിഷ ജയകുമാർ (സിപിഎം), രാജി ആർ. നായർ (ബിജെപി).
10: എം.എസ്. ഗോപിനാഥൻ നായർ (സിപിഎം), സുലേഖ വി. നായർ (കോണ്‍), ഹരിദാസ് (ബിജെപി).
11: അനിൽ ഇടയാടി (കോണ്‍), ഉദയകുമാർ കെ.ജി. (സിപിഎം), സുജിത്ത് ബാലഗോപാൽ (ബിജെപി).
12: അരുണ്‍ അശോക് (ബിജെപി), ചന്ദ്രശേഖരൻ നായർ (സ്വത), രാജേഷ്കുമാർ (സിപിഎം), റോജി ഏബ്രഹാം (കോണ്‍).
13: അനി സാബു തോമസ് (കോണ്‍), മഞ്ചു കൃഷ്ണ (ബിജെപി), ഷിജി ഫിലിപ്പ് ആതനാട്ടിൽ (എൽഡിഎഫ്).
14: അജിത (ബിജെപി), തുഷാര ശ്രീകുമാർ (സിപിഐ), ബിന്ദുകുമാരി പി.ആർ (സ്വത), ലതികാ കുമാരി സി.ടി. (കോണ്‍).
15: പ്രസന്നകുമാർ കെ.ജി. (ബിജെപി), ലൈജു വർഗീസ് (സിപിഎം), ശോഭാ മുരളി (കോണ്‍).
16: ഫൈസൽ പി.എച്ച് (കോണ്‍), ഷാബുദ്ദീൻ (സിപിഎം).
17: ഉഷടീച്ചർ (സിപിഎം), ശോഭാകുമാരി.എസ് (ബിജെപി), സിന്ധു സന്തോഷ് (കോണ്‍).
18: അജയൻ പി.എ. (ബിജെപി), ബാലചന്ദ്രൻ .പി (മത്തായി, എൽഡിഎഫ്), ബാലൻ പി.എ. (ബിജെപി).